ഗള്‍ഫ് ബ്രീസ്: ഭാര്യപിതാവിന് സര്‍പ്രൈസ് നല്‍കാന്‍ അര്‍ദ്ധരാത്രി മതില്‍ചാടി എത്തിയ യുവാവിനെ ഭാര്യാപിതാവ് വെടിവച്ചു കൊലപ്പെടുത്തി. ഫ്‌ളോറിഡയിലെ ഗള്‍ഫ് ബ്രീസിലാണു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നോര്‍വെയില്‍ നിന്നാണ് ക്രിസ്റ്റഫര്‍ ബെര്‍ഗന്‍ 34കാരനായ യുവാവ് ഭാര്യയുടെ പിതാവിന് പിറന്നാള്‍ ആശംസിക്കാന്‍ എത്തിയത്. എന്നാല്‍ മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് ഭാര്യാപിതാവ് റിച്ചഡ് ഡെന്നിസ് വെടിവയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 11.30ന് വീടിന്‍റെ പിന്നിലെ വാതിലില്‍ തട്ടുന്നതു കേട്ടാണ് ഭാര്യപിതാവ്  റിച്ചഡ് ഉണര്‍ന്നത്. മോഷ്ടാക്കള്‍ ആയിരിക്കും എന്നു കരുതി കൈയില്‍ തോക്കുമായാണ് ഇദ്ദേഹം വീടിന് പുറത്ത് എത്തി. വീടിനോടു ചേര്‍ന്ന കുറ്റിക്കാട്ടില്‍ ആരോ പതുങ്ങി നില്‍ക്കുന്നതായി കണ്ടപ്പോള്‍ റിച്ചഡ് നിറയൊഴിക്കുകയായിരുന്നു. 

62-ാം പിറന്നാളിനു രാത്രി ആശംസ നേര്‍ന്ന് റിച്ചഡിനെ അമ്പരപ്പിക്കാനെത്തിയ ക്രിസ്റ്റഫറിനാണു വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ക്രിസ്റ്റഫര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടികൊണ്ട് വീണയാളുടെ മുഖം കണ്ടപ്പോള്‍ മാത്രമാണ് അത് തന്‍റെ മകളുടെ ഭര്‍ത്താവാണെന്ന് റിച്ചാര്‍ഡ് തിരിച്ചറിഞ്ഞത്. ക്രിസ്റ്റഫറിന്‍റെ നെഞ്ചിലായിരുന്നു വെടികൊണ്ടത്.

തുടര്‍ന്നു പൊലീസിനെ വിളിച്ച് ക്രിസ്റ്റഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.  അന്നേദിവസം രാത്രി 9.30-ന് വീട്ടിലെത്തി വഴക്കടിച്ച ബന്ധുവിനെ റിച്ചഡ് ഓടിച്ചുവിട്ടിരുന്നു. ഇയാള്‍ മുന്‍വാതിലില്‍ തട്ടിയാണ് വീടിനുള്ളില്‍ കടന്നിരുന്നത്. 

രണ്ടു മണിക്കൂറിനു ശേഷം പിന്‍വാതിലില്‍ തട്ടുന്നതു കേട്ടപ്പോള്‍ റിച്ചഡ് പ്രകോപിതനായത് ഇതുകൊണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തില്‍ എത്തിയ ക്രിസ്റ്റഫര്‍ ഇതൊന്നുമറിയാതെ നേരെ വീട്ടിലേക്കെത്തുകയായിരുന്നു. എന്നാല്‍ സര്‍പ്രൈസ് കൊടുക്കാന്‍ നോക്കിയതോടെ സംഭവങ്ങള്‍ കൈവിട്ടു.