ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി മുസ്ലീം യുവാവുമായി വിവാഹം കഴിപ്പിച്ചതായി പരാതി. സിന്ദ് പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചക്കിടെ പാക്കിസ്ഥാനില്‍ രണ്ടാം തവണയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത്. 

ബിബിഎക്ക് പഠിക്കുന്ന മകള്‍ ഓഗസ്റ്റ് 29 ന് കോളേജില്‍ പോയ ശേഷം മടങ്ങി വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ഇസ്ലാംമതം സ്വീകരിപ്പിച്ചെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ സഹപാഠിയായ ബാബര്‍ അമനും ഇയാളുടെ സുഹൃത്ത് മിര്‍സ ദിലാവറും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിര്‍സ ദിലാവര്‍ പാക്കിസ്ഥാന്‍ തെഹ്‍രീകെ ഇന്‍സാഫിലെ(പിടിഐ) അംഗമാണ്. 

മിര്‍സ ദിലാവറിന്‍റെ സിയാല്‍ക്കോട്ടുള്ള വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ബാബര്‍ അമനുമായി വിവാഹം നടത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബാബര്‍ അമന്‍റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെയും ബാബര്‍ അമനെപ്പറ്റിയും വിവരങ്ങള്‍ ലഭ്യമല്ല. ഹിന്ദുക്കള്‍ക്ക് ഏറെ വിഷമകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനെ മറികടക്കാന്‍ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പാക്കിസ്ഥാനിലെ ഹിന്ദുസംഘടന ഓള്‍ പാക്കിസ്ഥാന്‍ ഹിന്ദു പഞ്ചായത്ത് ആവശ്യപ്പെട്ടു.