ഇതിനുപകരമായി ഗള്‍ഫില്‍ അമേരിക്കന്‍-ഇസ്രായേല്‍ അഫിലിയേഷനുള്ള കാമ്പസുകള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയാണ് ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ആണവകേന്ദ്രങ്ങള്‍, മിസൈല്‍ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍. ഇറാനെതിരെ യുദ്ധം തുടങ്ങുമ്പോള്‍ ആക്രമണലക്ഷ്യമായി ഇസ്രായേലും യുഎസും ചൂണ്ടിക്കാട്ടിയത് ഇവയായിരുന്നു. എന്നാല്‍, പറഞ്ഞതുപോലായിരുന്നില്ല ആക്രമണദിശ. തുടക്കം മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ആദ്യദിവസം മിനാബിലെ സ്‌കൂളിനു നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ അടക്കം 175 പേരായിരുന്നു. ലോകത്തെ ഞെട്ടിച്ച ആ ആക്രമണത്തിനു പിന്നാലെ പല സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണം നടന്നു. എന്നാലിപ്പോള്‍, സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമാണ് പുതിയ യുദ്ധമുഖം. ഇസ്രായേലാണ്, സര്‍വകലാശാലകളെ തുടര്‍ച്ചയായി ആക്രമിക്കുന്നത്. ഇതിനുപകരമായി ഗള്‍ഫില്‍ അമേരിക്കന്‍-ഇസ്രായേല്‍ അഫിലിയേഷനുള്ള കാമ്പസുകള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയാണ് ഇറാനിലെയും ഗള്‍ഫ് മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ആക്രമിക്കപ്പെട്ടത് 21 സര്‍വകലാശാലകള്‍

ഇറാനില്‍, ഏപ്രിലില്‍ പുതിയ അക്കാദമിക വര്‍ഷം തുടങ്ങാനിരിക്കെയാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇതിനആല്‍, എല്ലാ ക്ലാസുകളും ഓണ്‍ലൈനായി മാത്രം നടത്താനാണ് ഇറാന്റെ തീരുമാനം. യുദ്ധം തുടങ്ങിയശേഷം ഇതുവരെ 21 സര്‍വ്വകലാശാലകള്‍ക്കുനേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതായാണ് ഇറാന്‍ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കിയത്. അക്കാദമിക് വിദഗ്ധരെയും ഇസ്രായേല്‍ ലക്ഷ്യം വെക്കുന്നതായി ഇറാന്‍ ആരോപിക്കുന്നു. രാജ്യത്തിന്റെ ശാസ്ത്രീയവും സാംസ്‌കാരികവുമായ അടിത്തറ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇറാന്‍ പറയുന്നു. തെഹ്റാനിലെ ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. ഇവിടെയുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ ആദ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സര്‍വ്വകലാശാല. എഞ്ചിനീയര്‍മാരെ പരിശീലിപ്പിക്കുന്നതിനായി 1929-ലാണ് ഇത് ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ സര്‍വ്വകലാശാല അധികൃതര്‍ അപലപിച്ചു.

സര്‍വ്വകലാശാലകള്‍ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാത്തപക്ഷം അവയ്ക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാം.

വിദ്യാഭ്യാസത്തിനോ ഗവേഷണത്തിനോ വേണ്ടി ഉപയോഗിക്കുന്ന കെട്ടിടങ്ങളെ സൈനിക ലക്ഷ്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി ഗ്ലോബല്‍ സെക്യൂരിറ്റി പ്രൊഫസര്‍ ജാനിന ഡില്‍ സിഎന്‍ എന്നിനോട് പറഞ്ഞു.

ഇസ്രായേലും ഇറാനും പറയുന്നത്

എന്നാല്‍, സര്‍വ്വകലാശാലകളിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേല്‍ പറയുന്നത്. റവല്യൂഷനറി ഗാര്‍ഡ്‌സുമായി ബന്ധമുള്ള ഇമാം ഹുസൈന്‍ സര്‍വ്വകലാശാലയില്‍ ആക്രമണം നടത്തിയത് അവിടെയുള്ള സൗകര്യങ്ങള്‍ ആയുധ വികസനത്തിനായി ഉപയോഗിച്ചതിനാലാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. ഇറാനിലെ നിരവധി ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഇസ്രായേല്‍ പച്ചക്കള്ളം പറഞ്ഞാണ് സര്‍വകലാശാലകളെ ആക്രമിക്കുന്നതെന്ന് തെഹ്റാന്‍ സര്‍വ്വകലാശാല ഗവേഷണ വിഭാഗം ഡെപ്യൂട്ടി മനോചെഹര്‍ മൊറാദി പറഞ്ഞു. 'സര്‍വ്വകലാശാലകള്‍ ചിന്തയുടെയും സംവാദത്തിന്റെയും ഇടമാണ്. ഈ മേഖലയിലുണ്ടാകുന്ന ഏത് അക്രമവും ഭീഷണിയും പുരോഗതിയുടെയും അന്തസ്സിന്റെയും അടിത്തറയ്ക്ക് നേരെയുള്ള ആക്രമണമാണ്. അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അന്താരാഷ്ട്ര അക്കാദമിക് സമൂഹം പ്രതികരിക്കണം'-അദ്ദേഹം ആവശ്യപ്പെട്ടു.

പഠനം ഓണ്‍ലൈനായി, ആശങ്ക വ്യാപകം

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തിന് തിരിച്ചടിയായി ഗള്‍ഫിലെ യുഎസ്-ഇസ്രായേല്‍ ബന്ധമുള്ള സര്‍വ്വകലാശാലകളെ ലക്ഷ്യം വെക്കുമെന്ന് റവല്യൂഷണറി ഗാര്‍ഡളസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മേഖലയിലെ കാമ്പസുകള്‍ യുദ്ധമുഖങ്ങളാവുമെന്ന ആശങ്ക വ്യാപകമാണ്. ഇതിന്റെ ഭാഗമായി, പല സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. ലെബനോനിലെ യുഎസ് ബന്ധമുള്ള സ്ഥാപനങ്ങളെല്ലാം ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ അവസ്ഥയാണ്. ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി, ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്നിവയുമായി ബന്ധമുള്ള ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ അമേരിക്കന്‍ അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറാന്‍ ഉത്തരവിട്ടിരുന്നു.