സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാത്തത് ഗൗരവമായ വിഷയമാണെന്ന് അധ്യാപകരും കോളേജ് അധ്യാപകരും പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും താലിബാന്‍ ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

കാബൂള്‍: അഫ്ഗാനില്‍ (Afghanistan) സ്‌കൂളുകളിലും (school) കോളേജുകളിലും (college) പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതകളുടെ പ്രതിഷേധം(Women protest). പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാത്തത് ഗൗരവമായ വിഷയമാണെന്ന് അധ്യാപകരും കോളേജ് അധ്യാപകരും പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും താലിബാന്‍ (taliban) ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ടോളോ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. താലിബാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയിട്ടാണ് വനിതകള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചറല്‍ സഹമന്ത്രി സബീഉല്ല മുജാഹിദ് വ്യക്തമാക്കി. താലിബാന്‍ അധികാരം പിടിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും അഫ്ഗാനിലെ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 

അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക സൗകര്യമൊരുക്കി. അതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ച വാര്‍ത്ത പുറത്തുവന്നത്.