എല്ലാ സുരക്ഷാ ഉത്തരവാദിത്വവും കാബൂളിന്റെ മേല്‍ കെട്ടിവെക്കാനാണ് ഇസ്ലാമാബാദ് ശ്രമിച്ചത്. സ്വന്തമായി ഒന്നെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അഫ്ഗാന്‍ കുറ്റപ്പെടുത്തി.

കാബൂൾ: അതിർത്തി തർക്കം പരിഹരിയ്ക്കാൻ ഇസ്താംബുളിൽ നടന്ന പാക്-അഫ്ഗാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെ താലിബാൻ രംഗത്ത്. അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭരണകൂടം ഉണ്ടായത് പാക് സൈന്യത്തിന് ദഹിക്കുന്നില്ലെന്ന് താലിബാൻ കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നും, ഈ നിലപാടാണ് ചർച്ചകൾ പരാജയപ്പെടാന്‍ കാരണമായതെന്നും താലിബാന്‍ വക്താക്കള്‍ ആരോപിച്ചു.

എല്ലാ സുരക്ഷാ ഉത്തരവാദിത്വവും കാബൂളിന്റെ മേല്‍ കെട്ടിവെക്കാനാണ് ഇസ്ലാമാബാദ് ശ്രമിച്ചത്. സ്വന്തമായി ഒന്നെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അഫ്ഗാന്‍ കുറ്റപ്പെടുത്തി. ചർച്ചകൾ പരാജയപ്പെട്ടെങ്കിലും വെടിനിർത്തൽ ഇപ്പോഴും നിലവിലുണ്ടെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാൻ പ്രദേശത്ത് നിന്ന് ആക്രമണങ്ങളൊന്നും ഉണ്ടാകാത്തിടത്തോളം വെടിനിർത്തൽ തുടരുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും വ്യക്തമാക്കി. ചര്‍ച്ച പൂര്‍ത്തിയായെന്നും ഇനി സംസാരമില്ലെന്നുമായിരുന്നു ഖ്വാജ ആസിഫിന്‍റെ പ്രതികരണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധം ആരംഭിക്കുമെന്നായിരുന്നു ആസിഫ് ഇന്നലെ ഭീഷണി മുഴക്കിയത്.അതിനിടെ സൈനിക മേധാവി അസീം മുനീറിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതി പാകിസ്ഥാൻ പാർലമെന്റിൽ അവതരിപ്പിച്ചു.

താലിബാന്‍ മന്ത്രി ആമിര്‍ ഖാന്‍ മുത്താഖ്വിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് പാക് -അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായത്. കാബൂളില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചാണ് താലിബാന്‍ പാക് പോസ്റ്റുകള്‍ ആക്രമിച്ചു. പിന്നാലെ താലിബാൻ തിരിച്ചടിച്ചു. 58 സൈനികരെ വധിച്ചെന്ന് താലിബാൻ അവകാശപ്പെട്ടു. പിന്നാലെ അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. 10 പേരാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇരു കൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചത്.