നീണ്ട 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ വൻ വിജയത്തിന് ശേഷം അധികാരത്തിലെത്തുന്ന അദ്ദേഹത്തിന് മുന്നിൽ കനത്ത വെല്ലുവിളികളാണുള്ളത്.

ധാക്ക: ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ അധികാര കസേരയിലേക്ക് എത്തുമ്പോൾ മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ ആണ്. ആഭ്യന്തരമായി വലിയ സംഘർഷങ്ങൾ ബംഗ്ലാദേശ് നേരിടുന്ന കാലത്താണ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുന്നത്. പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. 300 അംഗ പാർലമെന്റിൽ ഇരുന്നൂറിലേറെ സീറ്റുകളിൽ ബിഎൻപി വിജയം നേടി. ജമായത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല.

അധികാരം പുതുമയല്ല താരിഖ് റഹ്മാന്. ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകൻ. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും രാജ്യത്തിൻറെ പ്രസിഡന്റുമായ പിതാവ് സിയാവുർ റഹ്മാൻ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 1981 ൽ. അന്ന് താരിഖ് റഹ്മാന് വെറും 16 വയസ്. സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളിൽ കരുത്തനായി താരിഖ് റഹ്മാൻ ഉണ്ടായിരുന്നു. ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാർട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാൻ.

2008 മുതൽ ബിഎൻപിയെ നയിച്ചത് ലണ്ടനിലിരുന്ന്

പക്ഷെ പിന്നീട് അങ്ങോട്ട് വെല്ലുവിളികളുടെ കാലം. ഷെയ്ഖ് ഹസീന അധികാരത്തിൽ വന്നതോടെ അഴിമതി കേസുകളിൽ താരിഖ് പ്രതിയായി. ചിലതിൽ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് ഓടേണ്ടി വന്നു. 2008 മുതൽ ലണ്ടനിൽ ഇരുന്നാണ് പാർട്ടിയെ നയിച്ചത്. നീണ്ട 17 വർഷം പ്രവാസ ജീവിതം. 2024 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെ ആണ് താരിഖ് റഹ്മാനെതിരെയുള്ള ക്രിമിനൽ കേസുകൾ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിൽ മടങ്ങിയെത്തി.

ഖാലിദ സിയയുടെ മരണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാനായി താരിഖ് ചുമതലയേറ്റു. ലക്ഷ്യം പ്രധാനമന്ത്രിപദം തന്നെ ആയിരുന്നു. ആ അധികാര കസേര ഇപ്പോൾ താരിഖ് റഹ്മാൻ നേടിയിരിക്കുന്നു. മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. അഴിമതിക്കാരൻ എന്ന പഴയ പ്രതിച്ഛായ മാറ്റണം, രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണം, കടുത്ത സാമ്പത്തിക വെല്ലുവിളികളെ മറികടക്കണം, 17 കോടിവരുന്ന ബംഗ്ലാദേശ് ജനതയുടെ പ്രതീക്ഷകൾ സഫലമാക്കണം. നന്മയുള്ള രാഷ്ട്രീയത്തിന്റെ പുതിയ യുഗം വാഗ്ദാനം ചെയ്താണ് താരിഖ് റഹ്മാൻ അധികാരമേറുന്നത്.