ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പാകിസ്ഥാൻ വഴി പറക്കേണ്ടെന്ന് തീരുമാനിച്ച് വിദേശ വിമാന കമ്പനികളും
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിലേക്ക് അനുമതി നിഷേധിച്ച തീരുമാനം പാകിസ്ഥാന് തന്നെ തിരിച്ചടിയായി. ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്ന വിദേശ വിമാന സർവ്വീസുകളും പാകിസ്ഥാൻ വ്യോമപാത ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് സ്വന്തം തീരുമാനം തങ്ങൾക്ക് തന്നെ പാരയായെന്ന് പാകിസ്ഥാൻ തിരിച്ചറിഞ്ഞത്. എയർ ഫ്രാൻസ്, ലുഫ്താൻസ എന്നീ വിമാനങ്ങളാണ് പാക് വ്യോമപാത ഒഴിവാക്കിയത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ വിമാനക്കമ്പനികളെ വിലക്കിയപ്പോൾ ഇവർ മാത്രമാകും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാതിരിക്കുക എന്ന് പ്രതീക്ഷിച്ച പാകിസ്ഥാന് മറ്റ് വിമാനക്കമ്പനികളുടെ തീരുമാനം തിരിച്ചടിയായത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്ത് വന്നതിന് പിന്നാലെയാണ് ആക്രമണം ഭയന്ന് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചത്. ഇന്ത്യക്ക് ഇത് ചെറിയ തിരിച്ചടിയായിരുന്നു. വ്യോമപാത അടച്ചതിനെ തുടർന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് ആഴ്ചയിൽ 77 കോടി രൂപയുടെ അധിക ചെലവ് വേണ്ടി വരുമെന്ന് വിലയിരുത്തുന്നു.
അതേസമയം പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്ക് ഇന്ത്യയിലേക്കും പ്രവേശനം വിലക്കിയിട്ടുണ്ട്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.



