വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നു അക്ഷാര്‍ത്ഥത്തില്‍ അത്. 

കാലിഫോര്‍ണിയ: 171 യാത്രക്കാരെയുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും ഉറക്കെ നിലവിളിച്ചു. അപകട നിമിഷങ്ങള്‍ക്കൊടുവില്‍ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോര്‍ട്‍ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒന്റാറിയോയിലേക്ക് പുറപ്പെട്ട അലാസ്ക എയര്‍ലൈന്‍സിന്റെ എസ് 1282 വിമാനത്തിലെ യാത്രക്കാരാണ് നടങ്ങുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. ബോയിങ് 739-9 മാക്സ് വിമാനം പോര്‍ട്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങി മിനിറ്റുകള്‍ക്കകം ഡോര്‍ ഇളകിത്തെറിക്കുകയായിരുന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം പോര്‍ട്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ തന്നെ എമര്‍ജന്‍സി ലാന്റിങ് നടത്തുകയായികുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അവ പുറത്തുവിടുമെന്ന് അലാസ്ക എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന യുഎസ് നാഷണല്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അറിയിച്ചു. 

ഡോര്‍ ഇളകിത്തെറിച്ച ശേഷമുള്ള ആശങ്കയുടെ നിമിഷങ്ങളിലും ചിലര്‍ എല്ലാം തങ്ങളുടെ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി. ഈ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 16,325 അടി ഉയരത്തില്‍ എത്തിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകള്‍ പറയുന്നു. അപകടമുണ്ടായ വിമാനം 2023 ഒക്ടോബര്‍ ഒന്നാം തീയ്യതിയാണ് അലാസ്ക എയറിന് ലഭിച്ചത്. 2023 നവംബര്‍ 11 മുതല്‍ സര്‍വീസ് തുടങ്ങി. ഇതുവരെ 142 യാത്രകള്‍ വിമാനം നടത്തിയിട്ടുണ്ടെന്നും ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...