Asianet News MalayalamAsianet News Malayalam

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിലെ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയാണ് ബോംബാക്രമണം ഉണ്ടായത്. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു

Airstrike on refugee camp in Gaza kills 30; Iran warns Israel
Author
First Published Oct 23, 2023, 6:18 AM IST

ടെൽ അവീവ്: വടക്കൻ ഗാസയിൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയിൽ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടർന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിൽ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു.

അതിനിടെ സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റഫ അതിർത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. ഹമാസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ഖാൻ യൂനിസിലേക്ക് കയറിയ സൈനികർക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു. ലബനോൻ അതിർത്തി കടന്ന് ഇസ്രയേൽ വ്യോമ സേന ആക്രമണം നടത്തി. ഹിസ്ബുല്ലയുടെ പോസ്റ്റുകൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

ഗാസയിൽ ആക്രമണം തുടർന്നാൽ മേഖലയിലെ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, സമാധാന ആഹ്വാനവുമായി ഫ്രാന്‍സീസ് മാര്‍പാപ്പ പ്രതികരിച്ചു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോബൈഡനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മാർപാപ്പയുടെ സമാധാന ആഹ്വാനം. 

 

Follow Us:
Download App:
  • android
  • ios