Asianet News MalayalamAsianet News Malayalam

അലക്സി നവൽനിക്ക് നൽകിയത് മുൻ റഷ്യൻ ചാരനും മകൾക്കും നൽകിയ അതേ വിഷം, 'നൊവിചോക്'

വിഷപ്രയോഗം ഏതെന്ന് അറിയാനുള്ള ടെസ്റ്റുകളിലാണ് അലക്സി നവൽനിയുടെ ദേഹത്തുമുള്ളത് സോവിയറ്റ് കാലത്ത് വിഷപ്രയോഗത്തിന് ഉപയോഗിച്ചിരുന്ന അതേ നെർവ് ഏജന്‍റാണെന്ന് കണ്ടെത്തിയത്. മുമ്പ് റഷ്യൻ ചാരനായിരുന്ന സെർജി സ്ക്രിപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച അതേ വിഷമാണിത്.

aleksei navalny was poisoned with novichok nerve agent germany says
Author
Berlin, First Published Sep 2, 2020, 9:48 PM IST

ബെർലിൻ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ കടുത്ത വിമർശകനും റഷ്യയിലെ പ്രതിപക്ഷനേതാക്കളിൽ പ്രധാനിയുമായ അലക്സി നവൽനിയുടെ ദേഹത്ത് പ്രയോഗിച്ച വിഷം ഏതെന്ന് ജർമനിയിലെ ആശുപത്രി കണ്ടെത്തി. സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്ത് ഉപയോഗിച്ചിരുന്ന നോവിചോക് എന്ന നെർവ് ഏജന്‍റാണ് അലക്സി നവൽനിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. 

2018-ൽ ഇംഗ്ലണ്ടിൽ വച്ച് റഷ്യൻ ചാരനായിരുന്ന സെർജി സ്ക്രിപലിനെയും മകളെയും കൊലപ്പെടുത്താനായി നൽകിയ അതേ വിഷമാണിത്. അലക്സി നവൽനി ഇപ്പോഴും കോമയിലാണ്.

നവൽനിയുടെ ദേഹത്തുള്ളത് നോവിചോക് ആണെന്നതിൽ ''ഒരു സംശയവുമില്ല'', എന്നാണ് ബെർലിൻ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. എങ്ങനെയാണ് സൈബീരിയയിൽ നിന്ന് മോസ്കോവിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് നവൽനിക്ക് വിഷബാധയേറ്റത് എന്ന് റഷ്യ വ്യക്തമാക്കണമെന്ന് ബെർലിൻ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. 

ജർമൻ മിലിട്ടറി ലാബറട്ടറികളിൽ നടത്തിയ പരിശോധനകളിലാണ് വിഷപ്രയോഗം ഏതെന്ന് കണ്ടെത്തിയത്. നൊവിചോക് എന്നത് വിഷത്തിന്‍റെ ഒരു പൊതുപേരാണ്. ഇതേ ഗ്രൂപ്പിൽപ്പെട്ട പല തരം വിഷങ്ങൾ സോവിയറ്റ് കാലത്ത് ശത്രുക്കളെ ആക്രമിക്കാനായി ഉപയോഗിച്ചിരുന്നു. റഷ്യയിൽ നിന്ന് വന്നതെന്നതിൽ സംശയം വേണ്ടാത്ത ഒരു വിഷം തന്നെ നവൽനിയെ ആക്രമിക്കാൻ ഉപയോഗിച്ചെന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ജർമൻ വിദേശകാര്യവക്താവ് സ്റ്റീഫൻ സെയ്‍ബർട്ട് പറയുന്നു. 

അതേസമയം, ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ലെന്നാണ് ക്രെംലിനിൽ നിന്ന് റഷ്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യവക്താവ് ദിമിത്രി പെഷ്‍കോവ് പറയുന്നത്. നൊവിചോക് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷമാണ് നവൽനിക്ക് നൽകപ്പെട്ടിരിക്കുന്നതെന്ന തരത്തിൽ ജർമനിയിൽ നിന്ന് ഒരു വിവരവും റഷ്യയ്ക്ക് കിട്ടിയിട്ടില്ലെന്ന് റഷ്യൻ വാർത്താ ഏജൻസിയായ TASS പറയുന്നു.

Follow Us:
Download App:
  • android
  • ios