പാരീസ്: ആമസോണ്‍ മഴക്കാടുകളില്‍ പടര്‍ന്ന കാട്ടുതീയണക്കാനുള്ള ജി7 രാജ്യങ്ങളുടെ സാമ്പത്തിക സഹായം തള്ളി ബ്രസീല്‍. ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രാന്‍സ് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളര്‍ സഹായമാണ് ബ്രസീല്‍ പ്രസിഡന്‍റ് തള്ളിയത്. ആമസോണിലെ കാട്ടുതീ നിയന്ത്രണ വിധേയമാണെന്നും ബ്രസീലിനെ കോളനിയെപ്പോലെയാണ് ഫ്രാന്‍സ് കാണുന്നതെന്നും പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനൊരോ പറഞ്ഞു. 

ആമസോണ്‍ കാട്ടുതീ നിയന്ത്രിക്കാന്‍ 44000 പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി ഫെര്‍ണാണ്ടോ അസെവേഡോ വ്യക്തമാക്കി. ഫ്രാന്‍സിന്‍റെ സഹായ വാഗ്ദാനത്തിന് നന്ദി. എന്നാല്‍, ആ പണം യൂറോപ്പിന്‍റെ വനവത്കരണത്തിന് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് ബൊല്‍സൊനാരോയുടെ സെക്രട്ടറമാരുടെ തലവന്‍ ഒനിക്സ് ലോറെന്‍സോനി തുറന്നടിച്ചു.

ആമസോണ്‍ കാട്ടു തീ അണക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോണിന്‍റെ ട്വീറ്റ്

ചരിത്ര പ്രസിദ്ധമായ നോത്രദാം പള്ളിക്ക് തീപിടിച്ചപ്പോള്‍ പോലും ഒന്നും ചെയ്യാത്ത ഫ്രഞ്ച് പ്രസിഡന്‍റ് മക്രോണിന്‍റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  ജി7 രാജ്യങ്ങള്‍ ബ്രസീലിന് 22 ദശലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തത്. പണം എത്രയും വേഗത്തില്‍ നല്‍കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോൺ വ്യക്തമാക്കിയിരുന്നു. തീയണക്കാനുള്ള സാങ്കേതിക, സൈനിക സഹായവും ജി7 വാഗ്ദാനം ചെയ്തിരുന്നു.