ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തുകയാണ്. ഇതുവരെയും ആയിരക്കണക്കിന് കിലോമീറ്ററുകളോളം വിസ്‍തൃതിയിലാണ് വനഭൂമി കത്തിയമര്‍ന്നത്. ലോകരാജ്യങ്ങളെല്ലാം ആശങ്കയോടെയാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് സംഭവിച്ച ദുരന്തത്തെ കാണുന്നത്. പത്തുലക്ഷത്തോളം ഗോത്രജനവിഭാഗം അധിവസിക്കുന്ന ആമസോണ്‍ മേഖല മൂന്ന്‌ ലക്ഷത്തിലധികം ഇനം സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്‌.

വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ആമസോണിനെ രക്ഷിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളില്‍ കാടുകള്‍ക്കുമേല്‍ ജലംവര്‍ഷിച്ചു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചെത്തിയ യുഎസിന്‍റെ സൂപ്പർ എയര്‍ ടാങ്കറുകളാണ് ബൊളീവിയ- ബ്രസീല്‍ അതിര്‍ത്തിയില്‍ ജല വര്‍ഷം നടത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകളാണ് ആമസോണിന് മുകളില്‍ ജലവര്‍ഷം നടത്തിയത്.  എന്നാല്‍ ഇതുവരേയും തീയണയ്ക്കാന്‍ സാധിച്ചിട്ടില്ല.  

ആമസോണ്‍ കാടുകള്‍ കത്തിയമരുന്നതിന്‍റെ ആകാശ ദൃശ്യങ്ങള്‍ സിഎന്‍എന്‍ പുറത്തുവിട്ടു. കിലോമീറ്റുകളോളും ദൂരത്തില്‍ ഉയര്‍ന്ന പുകയുടേയും തീയുടെയും ഭീകര ദൃശ്യങ്ങളാണ് സിഎന്‍എന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 

ആമസോണ്‍ കാടുകള്‍ കത്തിയമരുമ്പോള്‍ അത് ബ്രസീലിന്‍റെ ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാട് സ്വീകരിച്ച് വിഷയത്തെ നിസാരവത്ക്കരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊയുടെ പ്രവര്‍ത്തി വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ബോൾസനാരോയുടെ നയങ്ങളാണ്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തുന്നു. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ലോക രാജ്യങ്ങളുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ബ്രസീല്‍ തീയണക്കല്‍ ഊര്‍ജിതമാക്കിയത്.