കർണാടകയിലെ കാർവാർ തീരത്ത്, തന്ത്രപ്രധാനമായ ഐഎൻഎസ് കദംബ നാവികത്താവളത്തിന് സമീപം ചൈനീസ് നിർമ്മിത ജിപിഎസ് ഘടിപ്പിച്ച ദേശാടന പക്ഷിയെ കണ്ടെത്തി. ഇത് ഗവേഷണത്തിന്‍റെ ഭാഗമാകാമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്.
കാർവാർ: കർണാടകയിലെ കാർവാർ തീരത്ത് ചൈനീസ് നിർമ്മിത ജിപിഎസ് ഉപകരണം ഘടിപ്പിച്ച നിലയിൽ ഒരു ദേശാടന പക്ഷിയെ കണ്ടെത്തി. ഇത് വലിയ ചർച്ചകൾക്കും ദുരൂഹതകൾക്കും വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയുടെ അതീവ തന്ത്രപ്രധാനമായ ഐഎൻഎസ് കദംബ നാവികത്താവളത്തിന് തൊട്ടടുത്താണ് ഈ കടൽപക്ഷിയെ കണ്ടെത്തിയത് എന്നത് സുരക്ഷാ ഏജൻസികളിലും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ തിമ്മക്ക ഗാർഡന് സമീപം പക്ഷിയുടെ പുറത്ത് അസ്വാഭാവികമായ ഉപകരണം കണ്ട നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിന്‍റെ മറൈൻ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്‍റർ ഫോർ ഇക്കോ-എൻവയോൺമെന്‍റൽ സയൻസസിന്‍റേതാണ് ഈ ജിപിഎസ് ട്രാക്കറെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ദേശാടന പക്ഷികളുടെ സഞ്ചാരപഥം, ഭക്ഷണരീതി, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ പഠിക്കാനായി ഗവേഷകർ സാധാരണയായി ഇത്തരം ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ഈ കടൽപക്ഷി ആർട്ടിക് പ്രദേശം ഉൾപ്പെടെ ഏകദേശം പതിനായിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് കർണാടക തീരത്ത് എത്തിയതെന്ന് വ്യക്തമായി. വനംവകുപ്പും പോലീസും സംയുക്തമായാണ് നിലവിൽ അന്വേഷണം നടത്തുന്നതെന്ന് കാർവാറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദീപൻ എം എൻ പറഞ്ഞു.
ചാരവൃത്തി സംശയം തള്ളാതെ അന്വേഷണം
സംഭവം ഒരു ഗവേഷണ പദ്ധതിയുടെ ഭാഗമാണെന്ന് പ്രാഥമികമായി കരുതപ്പെടുന്നുണ്ടെങ്കിലും, സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചാരവൃത്തിക്കുള്ള സാധ്യതകൾ അധികൃതർ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. ജിപിഎസ് ഉപകരണം കൂടുതൽ സാങ്കേതിക പരിശോധനകൾക്കായി ലാബിലേക്ക് അയക്കാനാണ് തീരുമാനം. വിമാനവാഹിനിക്കപ്പലുകളും അന്തർവാഹിനികളും ഉൾക്കൊള്ളുന്ന ഐഎൻഎസ് കദംബയുടെ വിപുലീകരണം പൂർത്തിയാകുന്നതോടെ ഇത് കിഴക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ നാവികത്താവളമായി മാറും. അതുകൊണ്ടുതന്നെ തന്ത്രപ്രധാനമായ ഈ മേഖലയിൽ ഇത്തരമൊരു പക്ഷി എത്തിയത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. ഗവേഷണത്തിന്‍റെ കൃത്യമായ വിവരങ്ങൾ തേടിക്കൊണ്ട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിച്ചിട്ടുണ്ട്.
സമാനമായ രീതിയിൽ 2024 നവംബറിൽ കാർവാറിലെ ബൈത്ത്കോൾ തുറമുഖത്തിന് സമീപം ട്രാക്കർ ഘടിപ്പിച്ച ഒരു പരുന്തിനെ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് നടത്തിയ വിശദമായ പരിശോധനയിൽ അത് വന്യജീവി ഗവേഷണത്തിന്‍റെ ഭാഗമാണെന്ന് തെളിയുകയും സംശയാസ്പദമായ ഒന്നും കണ്ടെത്തുകയും ചെയ്തിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ വ്യക്തത വരുന്നതുവരെ തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

