വാഷിംങ്ടൺ: അമ്പത് ലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതിവാതകം പ്രതിവർഷം വാങ്ങാൻ ഇന്ത്യാ അമേരിക്ക ധാരണാപത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി ഹ്യൂസ്റ്റണിൽ ഊർജ്ജകമ്പനി മേധാവിമാരെ കണ്ടതിനു ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. അമേരിക്കയുമായി ഹ്രസ്വ വ്യാപാര കരാർ ഒപ്പുവയ്ക്കാനും ഇന്ത്യ ചർച്ചകൾ തുടങ്ങി.

ഹൗഡി മോദിക്ക് ഡോണൾഡ് ട്രംപ് എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യ വ്യാപാര രംഗത്തെ തർക്കങ്ങൾ തീർക്കാൻ നീക്കം തുടങ്ങി. ഹ്യൂസ്റ്റണിൽ പതിനേഴ് പ്രമുഖ ഊർജ്ജ കമ്പനികളുടെ മേധാവിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഹ്യൂസ്റ്റണിലെ ടെല്ലൂറിയൻ ഇന്ത്യയിലെ പെട്രോനെറ്റ് എൽഎൻജി എന്നീ കമ്പനികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. രണ്ടര ബില്ല്യൺ അമേരിക്കൻ ഡോളർ ഇന്ത്യ ഈ കമ്പനിയിൽ നിക്ഷേപിക്കും. പകരം പ്രതിവർഷം അമ്പത് ലക്ഷം മെട്രിക് ടൺ ദ്രവീകൃത പ്രകൃതിവാതകം ഓരോവർഷവും ഇന്ത്യയ്ക്ക് കിട്ടും. അടുത്ത നാല്പത് വർഷത്തേക്കാണ് കരാർ. 

ട്രംപും മോദിയും ന്യൂയോർക്കിൽ ഇരുപത്തിനാലിന് പ്രത്യേക ചർച്ച നടത്തുമ്പോൾ ഒരു മിനി വ്യാപാര കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന. അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നൽകണം എന്ന നിർദ്ദേശവും ചർച്ചയിലുണ്ട്. ചില ഉത്പന്നങ്ങൾ പരാമർശിക്കുന്ന കരാർ ട്രംപിന് അമേരിക്കൻ തെരഞ്ഞെടുപ്പിൽ തന്റെ നേട്ടമായി അവതരിപ്പിക്കാനാകും. പകരം ജമ്മു കശ്മീരിലെ നീക്കങ്ങൾക്ക് ട്രംപിന്റെ പിന്തുണ വാങ്ങാനാകും മോദി ശ്രമിക്കുക. ഐക്യരാഷ്ട്ര സഭയിൽ വിഷയം ഉന്നയിച്ച് വലിയ ചർച്ചയാക്കാനാണ് ഇമ്രാൻ ഖാന്റെ നീക്കം. ഇത് അമേരിക്കയുടെ സഹായത്തോടെ ചെറുക്കാനാവുമെന്ന് ഇന്ത്യ കരുതുന്നു. 

കശ്മീരിലെത്തിയ പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റുകളുമായി ചർച്ച നടത്തി. ഏഴുലക്ഷം കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി നന്ദി അറിയിക്കുന്നതായി മോദിയെ കണ്ട പ്രതിനിധികൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾ പലതും സഹിച്ചു. എന്നാൽ ഇപ്പോൾ കാലം മാറുകയാണെന്നായിരുന്നു മോദിയുടെ പ്രതികരണം. വ്യാപാരരംഗത്ത് വിട്ടുവീഴ്ചകൾക്ക് ഇരു രാജ്യങ്ങളും തയ്യാറാകുന്നു എന്ന സൂചനയാണ് ഹൗഡി മോദിയിലെ ട്രംപിന്റെ സാന്നിധ്യം.