ഇസ്രയേലിനെ തൊട്ടാൽ പൊള്ളും, ഒറ്റ വിളിയിൽ ഓടിയെത്തുന്ന അമേരിക്ക; ഈ ദൃഢബന്ധത്തിന്‍റെ കാരണങ്ങൾ, ചരിത്രമറിയാം
ഹമാസ് ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായും ഹമാസ് ബന്ദികളാക്കയിവരിൽ യുഎസ് പൗരന്മാരുണ്ടെന്നും പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇസ്രയേൽ - ഹമാസ് സംഘർഷം ദിനംപ്രതി കൂടുതൽ വഷളാകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങൾ പല തട്ടുകളിലായിരിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. മുമ്പും പല വിഷയങ്ങളില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ നൽകിയിരുന്ന അമേരിക്ക ഇത്തവണയും അവര്‍ക്കൊപ്പം തന്നെയാണ്. എന്നു മാത്രമല്ല, ഇസ്രയേലിന് ആവശ്യമായ ആയുധങ്ങളും അമേരിക്ക നൽകുന്നുണ്ട്.
അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യ വിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചിരുന്നു. നേവതിമിലെ വ്യോമതാവളത്തിലാണ് യുഎസ് വിമാനം എത്തിയത്. സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിനായി സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ഈ ആയുധങ്ങള്‍ എന്നാണ് ഐഡിഎഫ് അറിയിച്ചിരിക്കുന്നത്. അതേസമയം എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമാണ് ഇവിടേക്കെത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതിനുപുറമേ യുഎസ് യുദ്ധക്കപ്പലും ഇസ്രയേൽ തീരത്ത് എത്തിയിട്ടുണ്ട്. യുഎസ്എസ് ജെറാൾഡ് പടക്കപ്പലാണ് മെഡിറ്ററേനിയൻ കടലിലെത്തിയത്. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യുഎസ്എസ് ജെറാൾഡ്. ഹമാസ് ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായും ഹമാസ് ബന്ദികളാക്കയിവരിൽ യുഎസ് പൗരന്മാരുണ്ടെന്നും പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ഒരു പ്രത്യേക ദൗത്യ സംഘം ഇസ്രയേല്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
വെല്ലുവിളി നിറഞ്ഞ ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് ഏറെ കടപ്പാടുണ്ടെന്ന് ഇസ്രയേലും വ്യക്തമാക്കി. ടെൽ അവീവല്ല, ജറുസലേമാണ് തങ്ങളുടെ തലസ്ഥാനമെന്ന ഇസ്രയേൽ വാദത്തെ അംഗീകരിക്കുന്ന, ഇസ്രയേലിന് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണ നൽകുന്ന, യുദ്ധകാലത്ത് ആയുധങ്ങൾ നൽകുന്ന ആത്മാർത്ഥ സുഹൃത്താണോ അമേരിക്ക? ഈ ബന്ധത്തിന്റെ തുടക്കം എവിടെയാണ്?
ഇസ്രയേൽ രൂപീകരിച്ച കാലം മുതലുള്ള ബന്ധമാണ് അമേരിക്കയും ഇസ്രയേലും തമ്മിലുള്ളത്. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായ കാലത്തുതന്നെ അതിനെ അംഗീകരിച്ച ആദ്യ ലോക നേതാവ് യുഎസ് മുന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ആയിരുന്നു. ഈ നടപടിക്ക് പിന്നിൽ നയപരമായ വ്യക്തിപരവുമായ ഒന്നിലധികം കാരണങ്ങളുമുണ്ടായിരുന്നു. ട്രൂമാന്റെ ദീർഘകാല സുഹൃത്തും മുന്‍ ബിസിനസ് പങ്കാളിയുമായ എഡ്വാര്‍ഡ് ജേക്കബ്‌സണിന്റെ ഇടപെടലുകളാണ് അതിലൊന്ന്. ജേക്കബ്സൺ ഒരു ജൂതമത വിശ്വാസിയായിരുന്നു. ജൂതന്മാരുടെ അന്താരാഷ്ട്ര ദുരവസ്ഥ നിരന്തരം ട്രൂമാന്റെ ശ്രദ്ധയിൽ പെടുത്താറുണ്ടായിരുന്ന ജേക്കബ്സൺ ഒരിക്കൽ വൈറ്റ് ഹൗസിലെത്തി ട്രൂമാനെ സന്ദർശിച്ചു.
സയണിസ്റ്റ് നേതാവായിരുന്ന ഹയം വെയ്‌സ്മാനുമായി ട്രൂമാൻ കൂടിക്കാഴ്ച നടത്തണം എന്നതായിരുന്നു ജേക്കബ്സന്റെ ആവശ്യം. എന്നാൽ സയണിസ്റ്റുകളുടെ സ്വാധീനശ്രമങ്ങൾ കാരണം അവരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും മടുത്തിരുന്ന ട്രൂമാൻ ഇതിന് വിമുഖത കാണിച്ചു. ഇതിന് ജേക്കബ്സൺ മറുപടി നൽകിയത് ട്രൂമാന്റെ ആരാധ്യപുരുഷനും മുൻ യുഎസ് പ്രസിഡന്‍റുമായിരുന്ന ആൻഡ്രൂ ജാക്സണുമായുള്ള ഒരു താരതമ്യത്തിലൂടെയാണ്. ട്രൂമാന്റെ നായകനായ ആൻഡ്രൂ ജാക്സനെപ്പോലെ തനിക്കും ഒരു നായകനുണ്ടെന്നും ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ ജൂതനാണ് അദ്ദേഹമെന്നും ജേക്കബ്സൺ പറഞ്ഞു. ഹയം വെയ്‌സ്മാനെപ്പറ്റിയായിരുന്നു ആ വാക്കുകൾ.
ട്രൂമാനെ കാണാൻ ആയിരക്കണക്കിന് മൈലുകൾ യാത്ര ചെയ്തുവന്ന വൃദ്ധനും രോഗിയുമായ അദ്ദേഹത്തെ മാറ്റിനിർത്തുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും കൂടി പറഞ്ഞതോടെ ഹാരി ട്രൂമാൻ വെയ്‌സ്മാനുമായുള്ള കൂടിക്കാഴ്ചക്ക് സമ്മതിച്ചു. ഇതിന്റെയെല്ലാം ഫലമായി 1948 മെയ് 14 നു രൂപീകൃതമായ ഇസ്രയേൽ എന്ന പുതിയ ജൂതരാഷ്ട്രത്തിന് നയതന്ത്ര അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി അമേരിക്ക മാറി. അമേരിക്കയും യുഎസ്എസ്ആറും തമ്മിലെ ശീത യുദ്ധമായിരുന്നു ഈ പിന്തുണയുടെ മറ്റൊരു കാരണം. നിരവധി എണ്ണ ശേഖരങ്ങളും തന്ത്രപ്രധാനമായ ജലപാതകളുമുള്ള മിഡില്‍ ഈസ്റ്റ് ഈ സമയത്തെ പ്രധാനപ്പെട്ട ഒരു യുദ്ധക്കളമായിരുന്നു.
1967ലെ യുദ്ധത്തിന് ശേഷമാണ് ഇസ്രയേലിനുള്ള അമേരിക്കൻ പിന്തുണ കൂടുതല്‍ ശക്തമാകുന്നത്. ആ യുദ്ധത്തിൽ ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ നേതൃത്വം നൽകിയ സൈന്യത്തെ ഇസ്രയേൽ പരാജയപ്പെടുത്തി. പലസ്തീന്റെ കൂടുതൽ പ്രദേശങ്ങളും സിറിയയുടെ ചില ഭാഗങ്ങളും ഈജിപ്തിന്റെ സിനായ് പെനിൻസുല അടക്കമുള്ള പ്രദേശങ്ങളും അന്ന് ഇസ്രായേൽ കൈവശപ്പെടുത്തുകയും ചെയ്തു. ഈ സംഭവങ്ങളോടെയാണ് ഇസ്രയേലിന്റെ സൈനിക മേധാവിത്വത്തെ അമേരിക്ക ശക്തമായി പിന്തുണയ്ക്കാൻ തുടങ്ങുന്നത്. അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാനും ഇസ്രയേലിനെതിരെ അവർ നടത്താൻ ശ്രമിക്കുന്ന നീക്കങ്ങൾ തടയാനും അമേരിക്ക മുന്നിലുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക സഹായം ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന രാജ്യമായി ഇസ്രയേല്‍ മാറി. 2016ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിലും ഒപ്പുവച്ചു. പല മേഖലകളിലും ഉയർന്ന വരുമാനമുള്ള ഇസ്രയേലിന് അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനമടക്കം 38 ബില്യണ്‍ ഡോളറിന്റെ സൈനിക പിന്തുണയാണ് അന്ന് കരാറിലൂടെ നൽകിയത്. തുടർന്ന് പ്രസിഡന്റായ ഡോണാൾഡ് ട്രംപും ഇസ്രയേലിന്റെ ഭാഗത്ത് തന്നെയാണ് നിലകൊണ്ടത്.
നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനും ഇസ്രയേലിന്റെ കാര്യത്തിൽ പിന്തുടരുന്നത് ഇതേ പാത തന്നെയാണ്. അമേരിക്കയിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിരവധി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അമേരിക്കൻ ജനതയുടെ ഈ വിഷയത്തിലെ നിലപാട് അൽപ്പം വ്യത്യസ്തമാണ് എന്നാണ് 2021ൽ അല്‍ജസീറ റിപ്പോര്‍ട്ട് പറഞ്ഞത്. 2021 ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ 25 ശതമാനം അമേരിക്കക്കാര്‍ പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പലസ്തീനോടുള്ള സഹതാപം അമേരിക്കക്കാരിൽ കൂടിവരുന്നുവെന്ന നിരീക്ഷണവും അൽജസീറ നടത്തി.