അമേരിക്ക മേഖല വിട്ടുപോകണമെന്നും അല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി തങ്ങൾ തീരുമാനിക്കുമെന്നും, യുഎസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവിയും വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.
ടെഹ്റാൻ: അമേരിക്ക കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഇറാൻ. അമേരിക്ക മേഖല വിട്ടു പോകണമെന്നും ആക്രമിച്ചാൽ കനത്ത തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ നിശ്ചയിക്കുമെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവി അവകാശപ്പെട്ടു. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നു. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്‍റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.
ഇറാനെ സഹായിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെയില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അരഗ്ചിയുടെ ഈ പ്രതികരണം പുറത്തുവന്നത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
