അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവർ മൊറോക്കോ, അൾജീരിയ സ്വദേശി. 28 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
റിയാദ്: ഹൂത്തി ആക്രമണത്തിൽ സൗദി അറേബ്യയിൽ മൂന്ന് മരണം. അബഹ വിമാനത്താവളത്തിന് നേരേയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയും ഉണ്ടായ ആക്രമണത്തിലാണ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് രണ്ട് വിമാനത്താവളങ്ങൾക്ക് നേരേയും ഹൂത്തി ആക്രമണമുണ്ടായത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവർ മൊറോക്കോ, അൾജീരിയ സ്വദേശി. 28 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരും ഉൾപ്പെടുന്നു.
റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. സൗദി, ഈജിപത്, പാകിസ്ഥാൻ സ്വദേശികളായ എട്ടുപേർക്ക് പരിക്കേറ്റു.
ഹൂത്തി ആക്രമണത്തിൽ വിമാനത്താവളങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ചുവരികയാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.


