ഹൈദരാബാദ്: പെണ്‍സുഹൃത്തിനെ കാണുവാന്‍ സ്വിറ്റ്‌സര്‍ലാന്‍റിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ടെക്കിയുടെ യാത്ര അവസാനിച്ചത് പാകിസ്ഥാന്‍ ജയിലില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍  പ്രശാന്ത് വൈദ്യമാണ് പാക് ജയിലിലായത് എന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

ഇയാള്‍ ഉള്‍പ്പെടെ രണ്ടു പേരെയാണ് രേഖകളില്ലാതെ പാകിസ്താന്‍ മണ്ണില്‍ പ്രവേശിച്ചതിന്റെ പേരില്‍ പാക് പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് കാണാതായ ഇയാളെക്കുറിച്ച് ഇപ്പോഴാണ് വിവരം ലഭിക്കുന്നത്. എന്നാല്‍ എങ്ങനെ ഇയാള്‍ പാകിസ്ഥാനില്‍ എത്തിയതെന്ന് വ്യക്തമല്ല.

ഹൈദരാബാദില്‍ സോഫ്ട്‌വേര്‍ എന്‍ജിനീയര്‍ ആയ പ്രശാന്ത് രാജസ്ഥാന്‍ വഴിയാണ് രേഖകളില്ലാതെ പാകിസ്താനില്‍ എത്തിയത് എന്നാണ് സൂചന. ഭഹവല്‍പുര്‍ ജില്ലയിലെ മരുഭൂമിയ്ക്ക് സമീപത്തുനിന്ന് ഈ മാസം 14നാണ് പ്രശാന്തും മറ്റൊരാളും അറസ്റ്റിലായതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ പറയുന്നു. 
സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോയ പ്രശാന്ത് എങ്ങനെ പാകിസ്താനില്‍ എത്തപ്പെട്ടു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. 

ഇന്നലെ മാതാപിതാക്കള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ താന്‍ ഒരു മാസത്തിനുള്ളില്‍ മോചിതനാകുമെന്ന പ്രതീക്ഷയും പ്രശാന്ത് പങ്കുവയ്ക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ തന്നെ ജയിലിലേക്ക് മാറ്റിയെന്നും ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു. 

തന്‍റെ ജാമ്യത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തടവുകാരെ കൈമാറാറുണ്ട്. ഇതിന് സമയമെടുക്കുമെന്ന് പ്രശാന്ത് പറയുന്നത്.