കഴിഞ്ഞ 10 വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ ഭരിച്ച ബ്രിട്ടണിൽ, രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമമിടാൻ ആൻഡി ബേണം പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും. 'കിംഗ് ഓഫ് ദി നോർത്ത്' എന്നറിയപ്പെടുന്ന ബേണത്തിൽ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുള്ളത്

ലണ്ടൻ: രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണിൽ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേണം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി രണ്ട് വർഷം മാത്രം പ്രധാനമന്ത്രിയായിരുന്ന സ്റ്റാർമറിന് പകരം ആൻഡി ബേണം വരുമ്പോൾ ബ്രിട്ടണ് രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തിക ഉത്തേജനം അടക്കം പ്രതീക്ഷകളേറെയാണ്. ഒരു വ്യാഴവട്ടക്കാലത്തെ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് വലിയ പ്രതീക്ഷയോടെ വൻ ഭൂരിപക്ഷത്തിലാണ് 2024 ൽ ലേബർ പാർട്ടിയെ ബ്രിട്ടീഷ് ജനത അധികാരത്തിലേറ്റിയത്. പ്രധാനമന്ത്രിയായി രണ്ട് വർഷം പൂർത്തിയാകുമ്പോഴേക്കും സ്വന്തം പാർട്ടി എം പിമാരുടെ പിന്തുണ നഷ്ടമായി കെയ്ർ സ്റ്റാർമർ രാജിവെക്കാൻ നിർബന്ധിതനായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ലോകം വാഴ്ത്തിയ ബ്രിട്ടണെ അടുത്തിടെയായി ലോകം വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യമെന്നാണ്. ബ്രെക്സിറ്റ് പ്രഖ്യാപനത്തോടെ തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതയിൽ കഴിഞ്ഞ 10 വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ നമ്പർ ടെൺ ഡൗണിങ് സ്ട്രീറ്റിൽ നിന്ന് പാതിവഴിയിൽ രാജിവെച്ചിറങ്ങി. ലേബർ പാർട്ടിയുടെ പുതിയ നേതാവായി ആൻഡി ബേണം വരുമ്പോൾ ബ്രിട്ടൺ ശരിക്കും പ്രതീക്ഷയിലാണ്.

'കിംഗ് ഓഫ് ദി നോർത്ത്'

2001 ൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേണം, ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ എന്നിവരുടെ സർക്കാരുകളിൽ ആഭ്യന്തരം, ട്രഷറി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 2010 ലും 2015 ലും ആൻഡി ബേണം ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2017 ൽ പാർലമെന്റ് വിട്ട ബേണം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി തിളങ്ങിയതോടെ ലേബർ പാർട്ടിക്ക് പ്രതീക്ഷയായി പുതിയ നേതാവ് ഉദയം ചെയ്യുകയായിരുന്നു. വടക്കൻ ഇംഗ്ലണ്ടിന്റെ വികസന താൽപര്യങ്ങൾക്കായി നിലകൊണ്ടതിലൂടെ 'കിംഗ് ഓഫ് ദി നോർത്ത്' എന്ന വിളിപ്പേരും ആൻഡി ബേണത്തിന് സ്വന്തം.

'ഐ ഹാവ് എ പ്ലാൻ'

ഇന്നലെ നടന്ന പ്രത്യേക ലേബർ പാർട്ടി സമ്മേളനത്തിൽ നേതാവായി തിരഞ്ഞെടുത്ത ശേഷം, ബ്രിട്ടണ് വേണ്ടി ഐ ഹാവ് എ പ്ലാൻ എന്ന് പറയുന്ന ബേണത്തിൻ്റെ പ്രസംഗത്തിന് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. ബ്രിട്ടന്‍റെ ഭരണസംവിധാനത്തെയും സാമ്പത്തിക വികസന മാതൃകയെയും അടിമുടി മാറ്റിമറിക്കുന്ന പരിഷ്കാര പദ്ധതികളാണ് ആൻഡി ബേണം മുന്നോട്ട് വെയ്ക്കുന്നത്.

'വിപ്ലവം വരുന്നു'

അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന പതിറ്റാണ്ടുകളായുള്ള ഭരണരീതിക്ക് വിരാമമിട്ട് പ്രധാനമന്ത്രിയുടെ ഓഫിസായ 'നമ്പർ 10 ഡൗണിങ് സ്ട്രീറ്റ്' പ്രവർത്തനങ്ങളുടെ ഒരു പ്രധാന വിഭാഗം മാഞ്ചസ്റ്ററിലേക്ക് മാറ്റി 'നമ്പർ 10 നോർത്ത്' സ്ഥാപിക്കുമെന്ന പ്രഖ്യാപനം ബ്രിട്ടണിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. അധികാര വികേന്ദ്രീകരണം, പ്രാദേശിക സാമ്പത്തിക വളർച്ച, ദീർഘകാല ദേശീയ വികസനം എന്നിവയാണ് ആൻഡി ബേണത്തിൻ്റെ നയങ്ങളുടെ കാതൽ. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ രാജിയിലേക്ക് നയിച്ച, ജീവിതച്ചെലവ് വർധന മൂലമുള്ള പ്രതിസന്ധി മറികടക്കാനും, മന്ദഗതിയിലായ സാമ്പത്തിക വളർച്ചയ്ക്ക് പുത്തനുണർവ് നൽകാനും, വോട്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാനും ആൻഡി ബേണത്തിൻ്റെ നയങ്ങൾക്ക് സാധ്യമാകുമോ എന്നാണ് അറിയേണ്ടത്.

'ഇതൊന്നും പുതിയതല്ല'

ആൻഡി ബേണത്തിന്റെ ആശയങ്ങൾ പുതിയതല്ലെന്നും സാമ്പത്തിക വളർച്ചയ്ക്ക് ഊർജച്ചെലവ് കുറയ്ക്കൽ, നികുതി ഇളവുകൾ, നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി നേതാക്കൾ പറയുമ്പോൾ ബ്രിട്ടന്‍റെ പ്രതിസന്ധികാലം അവസാനിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണത്. ബേണത്തിന്‍റെ നയങ്ങളിലൂടെ നൂറ്റാണ്ടുകളായി പിന്തുടരുന്ന രാഷ്ട്രീയ ചിന്ത ബ്രിട്ടൺ കൈവെടിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും കാലമാകും ഉത്തരം നൽകുക.

YouTube video player