കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. 

ബ്യൂണസ് ഐറിസ്: കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സമ്പന്നര്‍ക്ക് പ്രത്യേക നികുതി(വെല്‍ത്ത് ടാക്‌സ്) ഏര്‍പ്പെടുത്തി അര്‍ജന്റീന. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങാനും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് സമ്പന്നരില്‍ നിന്ന് അധിക നികുതി ഈടാക്കുന്നത്. 26 വോട്ടുകള്‍ക്കെതിരെ 42 വോട്ടിനാണ് സെനറ്റ് തീരുമാനം പാസാക്കിയത്. രാജ്യത്ത് 12000ത്തോളം കോടീശ്വരന്മാരുണ്ടെന്നാണ് കണക്ക്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. 370 കോടി ഡോളര്‍ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഒറ്റത്തവണ മാത്രമാണ് നികുതി ഈടാക്കുകയെന്ന് ബില്ലിന് മുന്‍കൈയെടുത്ത സെനറ്റര്‍ കാല്‍ലോസ് കസേരിയോ പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ലോക മഹായുദ്ധങ്ങള്‍ അതിജീവിച്ചതുപോലെ കൊവിഡ് മഹാമാരിയും രാജ്യം അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1.45 ദശലക്ഷം ആളുകള്‍ക്കാണ് അര്‍ജന്റീനയില്‍ കൊവിഡ് ബാധിച്ചത്. 39,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2.45 ദശലക്ഷം ഡോളറിനേക്കാള്‍ ആസ്തിയുള്ളവരില്‍ നിന്നാണ് നികുതി ഈടാക്കുക. സമ്പത്തിന്റെ രണ്ട് ശതമാനമായിരിക്കും ഈടാക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.