ബ്യൂണസ് ഐറിസ്: ചൈനയിൽ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി അർജന്‍റീനയും. സർക്കാർ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ചൈനീസ് വാക്സിൻ പരീക്ഷണം രാജ്യത്ത് തുടങ്ങിയത്. യുഎഇ, പെറു, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ ചൈനീസ് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു.

ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിനിലും അർജന്‍റീന വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ഈ വാക്സിൻ പരീക്ഷണം വിജയിച്ചാൽ അർജന്‍റീനയും മെക്സിക്കോയും ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കാവശ്യമായ വാക്സിൻ ഉത്പാദിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ്(CNBG) ആണ് വാക്‌സിന്‍റെ നിര്‍മ്മാതാക്കള്‍. ചൈന ആയിരക്കണക്കിന് ആളുകളില്‍ മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് വിവിധ രാജ്യങ്ങളെ പങ്കെടുപ്പിക്കുന്നത്. 

വാക്‌സിന്‍ പരീക്ഷണം തുടങ്ങി ഇറ്റലിയും 

ലോകത്ത് വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ ഇതാദ്യമായി മനുഷ്യരിൽ വാക്സിൻ പരീക്ഷണം തുടങ്ങിയതാണ് പുതിയ വാര്‍ത്ത. GRAd-COV2 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍റെ പരീക്ഷണം റോമിലെ ആശുപത്രിയില്‍ ആരംഭിച്ചു. മൃഗങ്ങളില്‍ നടത്തിയ ആദ്യപരീക്ഷണം വിജയം കണ്ടതോടെയാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

ആദ്യമായി വാക്സിൻ സ്വീകരിച്ചയാളെ 12 ആഴ്ച നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു. ആകെ 90 പേരിലാകും ആദ്യഘട്ട പരീക്ഷണം നടത്തുക. ഈ വർഷമവസാനത്തോടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഫലം ലഭിക്കും. ഇത് വിജയിച്ചാൽ അടുത്ത 2 ഘട്ടങ്ങളിലായി വിദേശത്തടക്കമുള്ള ആളുകളിൽ വാക്സിൻ പരീക്ഷിക്കാനാണ് ഇറ്റലിയുടെ തീരുമാനം.