Asianet News MalayalamAsianet News Malayalam

ഒടുവില്‍ ആസിയ ബീബി പറന്നു, കാനഡയിലേക്ക്

ആസിയ കാനഡയില്‍ സുരക്ഷിതയായി ബന്ധുക്കള്‍ക്ക് സമീപമെത്തിയെന്ന് അഭിഭാഷകന്‍ സെയ്ഫുല്‍ മലൂക് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

asiya bibi leave from pakistan to canada after nine years
Author
Islamabad, First Published May 8, 2019, 2:54 PM IST

ഇസ്ലാമാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍  സ്വാതന്ത്ര്യത്തിന്‍റെ മാധുര്യം നുകരാന്‍ ആസിയ ബീബി കാനഡയിലേക്ക് പറന്നു. മതനിന്ദ കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട ആസിയ ബീബിയെ പാക് സുപ്രീം കോടതി വെറുതെവിട്ടിരുന്നെങ്കിലും ഒളിവ് ജീവിതത്തിന് സമാനമായിരുന്നു ജീവിതം. ആസിയ ബീബി ഇപ്പോള്‍ കാനഡയിലെത്തിയതായി എക്സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആസിയ ബീവിയുടെ അഭിഭാഷകനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആസിയ കാനഡയില്‍ സുരക്ഷിതയായി ബന്ധുക്കള്‍ക്ക് സമീപമെത്തിയെന്ന് അഭിഭാഷകന്‍ സെയ്ഫുല്‍ മലൂക് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ആസിയയുടെ കുടുംബം നേരത്തെ കാനഡയില്‍ അഭയം പ്രാപിച്ചിരുന്നു.

asiya bibi leave from pakistan to canada after nine years

വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനിരിക്കെയാണ് ആസിയയുടെ രക്ഷപ്പെടല്‍. മതനിന്ദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൃസ്ത്യന്‍ വിശ്വാസിയും അഞ്ച് മക്കളുടെ മാതാവുമായ ആസിയ ബീബിയെ (47)2018 ഒക്ടോബര്‍ 31നാണ് ചരിത്ര വിധിയിലൂടെ സുപ്രീം കോടതി വെറുതെ വിട്ടത്. സുപ്രീം കോടതി വിധി പാകിസ്ഥാനില്‍ ഏറെ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. പ്രതിഷേധക്കാര്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും റോഡുകള്‍ ഉപരോധിക്കുകയും ജനജീവിതം സ്തംഭിപ്പിക്കുയും ചെയ്തിരുന്നു. ആസിയ ബീബിയെ അനുകൂലിച്ച് സംസാരിച്ചതിന് പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടിരുന്നു. കൊലയാളി മുംതാസ് ഖാദ്രി എന്നയാളെ വധശിക്ഷക്ക് വിധേയമാക്കിയെങ്കിലും തീവ്ര വലതുപക്ഷം അയാള്‍ക്ക് ഹീറോ പരിവേഷം നല്‍കുകയും അയാളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. പൊതു തെരഞ്ഞെടുപ്പില്‍ 20 ലക്ഷം വോട്ടുകളാണ് പാര്‍ട്ടി നേടിയത്.  

asiya bibi leave from pakistan to canada after nine years

കുറ്റവിമുക്തയാക്കിയെങ്കിലും പാകിസ്ഥാനിലെ ആസിയ ബീബിയുടെ ജീവിതം ഭീഷണിയിലായിരുന്നു. ആസിയ ബീബിയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഇടപെട്ടു. ആസിയ ബീബിയ്ക്ക് അഭയം നല്‍കാമെന്ന് നിരവധി രാജ്യങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നു. 2010ലാണ് മതനിന്ദ കുറ്റം ആരോപിച്ച് പഞ്ചാബ് പ്രവിശ്യയില്‍നിന്ന് ആസിയ ബീബി അറസ്റ്റിലാകുന്നത്. ഖുര്‍ ആനെ നിന്ദിച്ചെന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തില്‍ ആസിയ ബീബി കുറ്റക്കാരിയാണെന്ന് കീഴ്ക്കോടതി വിധിച്ചു. വധശിക്ഷയും ജീവപര്യന്തവുമാണ് മതനിന്ദക്ക് പാകിസ്ഥാനിലെ ശിക്ഷ. വധശിക്ഷയാണ് ആസിയ ബീബിക്ക് വിധിച്ചത്. പിന്നീട് എട്ടു വര്‍ഷം ഇവര്‍ വിവിധ ജയിലുകളിലായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ച് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടമാണ് ഒടുവില്‍ ഇവര്‍ക്ക് തുണയായത്. 

ഒരുബക്കറ്റ് വെള്ളമെടുക്കുന്നതിനെച്ചൊലിയുള്ള തര്‍ക്കമാണ് ആസിയ ബീബിയെ ജയിലിലെത്തിച്ചത്. അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടെ ആസിയ ബീബി മതംമാറണമെന്ന് അയല്‍വാസി ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച ആസിയ പ്രവാചകന്‍ മുഹമ്മദിനെയും ഖുര്‍ ആനെയും നിന്ദിച്ച് സംസാരിച്ചെന്നായിരുന്നു പരാതി. 

Follow Us:
Download App:
  • android
  • ios