ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പയും രം​ഗത്തെത്തി. ഇരകൾക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രാർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ലാഗോസ്: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ (Nigeria) ഞായറാഴ്ച പ്രാർഥനക്കിടെ കൃസ്ത്യൻ പള്ളിയിൽ ആക്രമണം (Church Attack). സംഭവത്തിൽ 21 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തോക്കുധാരികൾ കത്തോലിക്കാ പള്ളിയിലേക്ക് ഇരച്ചുകയറി പ്രാർഥിക്കാനെത്തിയ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒൻഡോ സ്റ്റേറ്റിലെ ഒവോ ടൗണിലെ സെന്റ് ഫ്രാൻസിസ് കാത്തലിക് പള്ളിയിലാണ് ആക്രമണം നടന്നത്. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പയും രം​ഗത്തെത്തി. ഇരകൾക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രാർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കുർബാന നടക്കുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് നൈജീരിയയിലെ കത്തോലിക്കാ സഭയുടെ വക്താവ് റെവറന്റ് അഗസ്റ്റിൻ ഇക്വു പറഞ്ഞു. ഇടവകയിലെ ബിഷപ്പും വൈദികരും ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2022ൽ മാർച്ചുവരെ 896 നൈജീരിയൻ സിവിലിയന്മാരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബൊക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി ഇടയന്മാർ, കൊള്ളക്കാർ എന്നിവരുടെ ആക്രമണങ്ങളിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്. നൈജീരിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്.