ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിൽ ഇന്ത്യ ഇറാനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 'സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല'
ദില്ലി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണ കപ്പലുകൾക്ക് (ടാങ്കറുകൾ) നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 'എംടി അൽ ബഹിയ', 'എംടി മൊംബാസ' എന്നീ രണ്ട് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടങ്ങളിൽ ജീവനക്കാരായി ഉണ്ടായിരുന്ന 46 പേരിൽ 30 പേരും ഇന്ത്യൻ നാവികരായിരുന്നു. കൊല്ലപ്പെട്ട നാവികൻ 'അൽ ബഹിയ' എന്ന ടാങ്കറിലെ ജീവനക്കാരനാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ദില്ലിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചുവരുത്തി കടുത്ത അമർഷം അറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുനൽകി.
കടുത്ത ആശങ്ക
പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമാകുന്നതിലും ആക്രമണങ്ങൾ പുനരാരംഭിച്ചതിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി അക്രമങ്ങൾ ഉടനടി അവസാനിപ്പിച്ച് ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിയെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കാൻ വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
