Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യ, ആശങ്കയും അറിയിച്ചു

ഈ മാസം ആദ്യമാണ് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്‌കോൺ ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നടത്തി 'സാമൂഹിക വിരുദ്ധർ' വികൃതമാക്കിയത്. 

attacks on hindu temples in australia india condemned and expressed concern
Author
First Published Jan 26, 2023, 5:04 PM IST

മെൽബൺ: ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ. ഈ മാസം ആദ്യമാണ് മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്‌കോൺ ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നടത്തി 'സാമൂഹിക വിരുദ്ധർ' വികൃതമാക്കിയത്. 

ഇന്ത്യൻ വിരുദ്ധ ഭീകരരെ മഹത്വവൽക്കരിക്കുന്ന ചുവരെഴുത്തുകളാണ് ക്ഷേത്രത്തെ നശിപ്പിച്ചിരിക്കുന്നത്. ഇത് ആശങ്കാജനകവും ഭയാനകവുമാണെന്നും കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ  പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവങ്ങൾ സമാധാനപരമായി ജീവിക്കുന്ന  ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ഭിന്നിപ്പും വിതയ്ക്കാനുള്ള വ്യക്തമായ ശ്രമങ്ങളാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

"ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ ഓസ്‌ട്രേലിയയിൽ അവരുടെ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. നിരോധിത തീവ്രവാദ സംഘടനകളായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) അംഗങ്ങളും ഓസ്‌ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ്  ഇന്ത്യാ വിരുദ്ധ ഏജൻസികളും ഇവരെ സജീവമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മാത്രമല്ല, തുടർന്നുള്ള ശ്രമങ്ങൾ തടയാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു"- ഹൈക്കമ്മീഷൻ അഭിപ്രായപ്പെട്ടു. മെൽബണിലും സിഡ്നിയിലും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അടുത്തയാഴ്ച  റഫറണ്ടം സംഘടിപ്പിച്ചിരിക്കുന്നതിലുള്ള ആശങ്കകളും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെയും അവരുടെ സ്വത്തുക്കളുടെയും സുരക്ഷ  ഉറപ്പാക്കണമെന്നും ഇന്ത്യയുടെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ദേശീയ താൽപ്പര്യത്തിനും ഹാനികരമായ പ്രവർത്തനങ്ങൾക്ക് ഓസ്‌ട്രേലിയൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഹൈക്കമ്മീഷൻ ഓസ്‌ട്രേലിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ദില്ലിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷനും സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: യുക്രൈന് നേരെ റഷ്യയുടെ മിസൈലാക്രമണവും ഡ്രോൺ സ്ഫോടനങ്ങളും; പുതിയ യുദ്ധവിമാനങ്ങൾ സജ്ജമാക്കാൻ കീവ്

Follow Us:
Download App:
  • android
  • ios