ഓസ്ട്രേലിയ: കൊവിഡ് വാക്സിൻ നിർമ്മിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കുമെന്നും വാക്സിൻ നിർമ്മിച്ചതിന് ശേഷം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി നൽകുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഓക്സ്ഫോഡ് സർവ്വകലാശാലയുമായി ചേർന്ന് കൊറോണയ്ക്കെതിരായ വാക്സിൻ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനക്കയുമായി ചേർന്ന് വാക്സിൻ ലഭിക്കാനുള്ള കരാറിലെത്തിയിട്ടുണ്ടെന്നും മോറിസൺ വെളിപ്പെടുത്തി. 

ലോകത്തെമ്പാടുമുളള ജനങ്ങൾ ആകാംക്ഷയോടെയാണ് ഓക്സ്ഫോ‍ഡ് വാക്സിന് വേണ്ടി കാത്തിരിക്കുന്നത്. ഈ വാക്സിൻ വിജയകരമാണെന്ന് തെളിഞ്ഞാൽ സ്വന്തമായി നിർമ്മിക്കും. 25 മില്യൺ വരുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് വാക്സിൻ സൗജന്യമായി നൽകും. സ്കോട്ട് മോറിസൺ പറഞ്ഞു. മൂന്നാം ഘട്ട പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ആ​ഗോള തലത്തിലുള്ള അഞ്ച് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടേത്. ഈ വർഷം അവസാനത്തോടെ പരീക്ഷണഫലം പുറത്ത് വരുമെന്നാണ് ​ഗവേഷകർ പ്രതീക്ഷിക്കുന്നത്.