പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒൻപത് വയസ്സുകാരിയായ ഓസ്‌ട്രേലിയൻ പെൺകുട്ടി പോലീസ് വെടിയേറ്റു മരിച്ചു

ദില്ലി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഒൻപത് വയസ്സുകാരിയായ ഓസ്‌ട്രേലിയൻ പെൺകുട്ടി പോലീസ് വെടിയേറ്റു മരിച്ചു. ഹാനിയ അഹമ്മദ് എന്ന പെൺകുട്ടിയാണ് മരിച്ചത്. കവർച്ചക്കാരെന്ന് തെറ്റിദ്ധരിച്ച് പോലീസ് കുടുംബത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവിനും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തിൽ സുതാര്യവും കൃത്യവുമായ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് പാകിസ്ഥാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓസ്‌ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന അദീൽ അഹമ്മദ് (39), ഭാര്യ ഡോ. സിദ്ര ഖാൻ, മകൾ ഹാനിയ, മകൻ അഫാൻ (10) എന്നിവരടങ്ങുന്ന നാലംഗ കുടുംബം ഹജ്ജ് തീർത്ഥാടനത്തിന് ശേഷമാണ് പാകിസ്ഥാനിലെത്തിയത്. ജൂൺ 10-ന് രാത്രി ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ചക്വാൽ ജില്ലയിൽ വെച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് സായുധ കവർച്ചക്കാർ ഇവരുടെ വാടക കാർ തടഞ്ഞുനിർത്തി. തുടർന്ന് അദീൽ അഹമ്മദ് പോലീസിന്റെ അടിയന്തര നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റ് (CCD) ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നത് കണ്ട കവർച്ചക്കാർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ഇതേസമയം കുടുംബത്തിന്റെ കാറും അവിടെനിന്ന് മുന്നോട്ട് എടുക്കുകയും ചെയ്തു.

വാഹനം പെട്ടെന്ന് മുന്നോട്ട് എടുത്തത് കണ്ട പോലീസ്, അത് കവർച്ചക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് കാറിന് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഹാനിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കാറിന് നേരെ വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥനെ കൊലക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കെതിരെയും അന്വേഷണം നടക്കുകയാണ്. പോലീസ് ആണ് ആദ്യം വെടിവെച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

YouTube video player