ഭീരുത്വം എന്നാണ്‌ യുവതിയുടെ പ്രവര്‍ത്തിയെക്കുറിച്ച്‌ മോറിസന്‍ പിന്നീട്‌ ട്വിറ്ററിലൂടെ പ്രതികരിച്ചത്‌.

കാന്‍ബറ: പൊതുപരിപാടിയ്‌ക്കിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസന്‌ നേരെ മുട്ടയേറ്‌. പരിപാടിയ്‌ക്കിടെ മോറിസന്റെ പിന്നിലെത്തിയ യുവതി അദ്ദേഹത്തിന്‌ നേരെ മുട്ടയെറിയുകയായിരുന്നു. എന്നാല്‍, ഏറ്‌ ലക്ഷ്യം കണ്ടില്ല!

ഓസ്‌ട്രേലിയയില്‍ ഒരാഴ്‌ച്ചയ്‌ക്ക്‌ ശേഷം പൊതുതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്‌. ആല്‍ബറിയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടിയ്‌ക്കിടെയായിരുന്നു മുട്ടയേറ്‌ നടന്നത്‌. ഒരു കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടി നിറയെ മുട്ടകളുമായാണ്‌ യുവതി പരിപാടിയ്‌ക്കെത്തിയത്‌. മോറിസന്റെ തല ലക്ഷ്യമാക്കിയായിരുന്നു യുവതി മുട്ടയെറിഞ്ഞത്‌. എന്നാല്‍ മുട്ട അദ്ദേഹത്തിന്റെ തലയില്‍ക്കൊള്ളാതെ തെറിച്ചുപോയി.


യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ കസ്‌റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കാന്‍ യുവതി തയ്യാറായില്ല. സംഭവത്തെത്തുടര്‍ന്ന്‌ പ്രധാനമന്ത്രിക്ക്‌ തന്റെ സമചിത്തത വീണ്ടെടുക്കാന്‍ കുറച്ചുനേരം വേണ്ടിവന്നു. ഭീരുത്വം എന്നാണ്‌ യുവതിയുടെ പ്രവര്‍ത്തിയെക്കുറിച്ച്‌ മോറിസന്‍ പിന്നീട്‌ ട്വിറ്ററിലൂടെ പ്രതികരിച്ചത്‌.

അക്രമരഹിതമായ തെരഞ്ഞെടുപ്പുകളാണ്‌ ഓസ്‌ട്രേലിയയിലേത്‌. സമാധാനപരമായി പ്രതിഷേധം നടത്താന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. എന്നാല്‍, അക്രമാസകത്മായ പ്രതിഷേധങ്ങളെ അംഗീകരിക്കാനാവില്ലെന്നും മോറിസന്‍ പറഞ്ഞു.