ന്യൂയോര്‍ക്ക്: തൊഴിലാളികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഗൂഗിള്‍. അനാവശ്യമായ ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഗൂഗിള്‍ തൊഴിലാളികള്‍ക്ക് നല്‍കിയ നിര്‍ദേശം. വെള്ളിയാഴ്ചയാണ് ഏകദേശം 100000ത്തോളം വരുന്ന ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. തൊഴിലിടത്തില്‍ ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

രാഷ്ട്രീയ തര്‍ക്കങ്ങള്‍, വാര്‍ത്തകളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കാനും ജോലി സംബന്ധിച്ച കാര്യങ്ങളില്‍ മുഴുകാനുമാണ് കമ്പനി തൊഴിലാളികളോട് പറഞ്ഞത്. ജോലി സമയത്തിന്‍റെ 20 ശതമാനം വ്യക്തിപരമായ പ്രൊകജ്ടുകള്‍ക്കും പുതിയ ആശയം കണ്ടെത്താനും തൊഴിലാളികള്‍ ഉപയോഗിക്കാനാണ് നീക്കം. തൊഴിലന്തരീക്ഷത്തില്‍ ഏറെ ഖ്യാതികേട്ട സമീപനമായിരുന്നു ഗൂഗിള്‍ സ്വീകരിച്ചിരുന്നത്. 

ഗൂഗിളിന്‍റെ തൊഴിലാളി സമീപത്തിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതില്‍ മുന്നിലുണ്ടായിരുന്നത് ഗൂഗിള്‍ തൊഴിലാളികളായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനിഷ്ടം പ്രകടിപ്പിച്ചത്. 

കൃത്യമായി ജോലി ചെയ്യുക എന്നതാണ് ഞങ്ങളുടെ ആദ്യ പരിഗണന. ജോലിയിതര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാല്ല തൊഴിലാളികളെ എടുത്തിരിക്കുന്നത്. ഭിന്നിപ്പിക്കുന്ന ചര്‍ച്ചകള്‍ ജോലി സമയത്ത് ഒഴിവാക്കണം. അല്ലെങ്കില്‍ ഗൂഗ്ളിന്‍റെ നയം ലംഘിക്കുന്ന സമീപനമായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.