മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ഭൗതികശരീരം തെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല പള്ളിയിൽ എത്തിച്ചു. യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ജൂലൈ 4-ന് ആരംഭിച്ച് വിവിധ നഗരങ്ങളിലെ ചടങ്ങുകൾക്ക് ശേഷം ജൂലൈ 9-ന് ജന്മനാടായ മഷാദിൽ നടക്കും.

തെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതികശരീരം തെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല പള്ളിയിൽ എത്തിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് വെള്ളിയാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ മൃതദേഹമടങ്ങിയ പെട്ടി വൻ ജനക്കൂട്ടത്തിന് നടുവിലൂടെ പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിലാപ ചടങ്ങുകളിൽ പങ്കാളികളാകാനും തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനുമായി വൻ ജനസഞ്ചയമാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നിരവധി ചടങ്ങുകളോടെയായിരിക്കും ഭൗതികശരീരം സംസ്കരിക്കുക.

ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 കാരനായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്നു. ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ജൂലൈ 4-ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിക്കും. തുടര്‍ന്ന് ജൂലൈ 9-ന് അദ്ദേഹത്തിന്‍റെ ജന്മനാടും വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരവുമായ മഷാദിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് തിങ്കളാഴ്ച ടെഹ്‌റാൻ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും. ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, അവിടെയുള്ള ചടങ്ങുകൾക്ക് ശേഷം ഇറാഖിലെ നജാഫ്, കർബല എന്നീ നഗരങ്ങളിലെ ചടങ്ങുകൾക്കായും എത്തിക്കും. അതിനുശേഷം ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ ഖമേനിയുടെ ജന്മനാട്ടിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

Scroll to load tweet…