ചികിത്സയില്ലാത്ത മൈറ്റോകോൺഡ്രിയൽ രോഗത്തിൽ നിന്ന് രക്ഷനേടാൻ ഈ രീതി അവലംബിക്കാമെന്നതിന്റെ തെളിവാണ് എട്ട് കുട്ടികളുടെ ജനനം
ലണ്ടൻ: മൂന്ന് പേരിൽ നിന്നുള്ള ഡിഎൻഎ ഉപയോഗിച്ച് കുഞ്ഞുങ്ങൾ പിറന്നു. ബ്രിട്ടനിലാണ് സംഭവം. രണ്ട് സ്ത്രീകളിൽ നിന്നും ഒരു പുരുഷനിൽ നിന്നുമുള്ള ഡിഎൻഎ ഉപയോഗിച്ചാണ് എട്ട് കുഞ്ഞുങ്ങൾ പിറന്നത്. പാരമ്പര്യമായ ഗുരുതര രോഗങ്ങൾ തടയാനാണ് ശാസ്ത്രജ്ഞർ വേറിട്ട രീതിയിലുള്ള പരീക്ഷണം നടത്തിയത്. ഒരു ദശാബ്ദത്തോളമായുള്ള ചികിത്സാ രീതിയാണെങ്കിലും ചികിത്സയില്ലാത്ത മൈറ്റോകോൺഡ്രിയൽ രോഗത്തിൽ നിന്ന് രക്ഷനേടാൻ ഈ രീതി അവലംബിക്കാമെന്നതിന്റെ തെളിവാണ് എട്ട് കുട്ടികളുടെ ജനനം.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരാൻ സാധ്യതയുള്ള ജനിതക രോഗം തടയാനായിരുന്നു വേറിട്ട ശ്രമം. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരിച്ച് പോവുന്ന അപൂർവ്വമായ മൈറ്റോകോണ്‍ഡ്രിയല്‍ രോഗത്തിനാണ് ഈ രീതിയിലൂടെ പരിഹാരമായത്. ഡിഎൻഎയിലെ 0.1 ശതമാനം മാത്രമാണ് അമ്മയല്ലാത്ത സ്ത്രീയിൽ നിന്ന് സ്വീകരിച്ചിട്ടുള്ളത്. സ്വകാര്യത പരിഗണിച്ച് നവജാത ശിശുക്കളുടെ കുടുംബം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വർഷങ്ങളുടെ നിരാശയ്ക്ക് പരിഹാരമെന്നാണ് നവജാത ശിശുക്കളിലൊരാളുടെ അമ്മ പ്രതികരിക്കുന്നത്. പറഞ്ഞ് അറിയിക്കാൻ ആവാത്ത നന്ദിയാണ് സാങ്കേതിക വിദ്യയോടുള്ളതെന്നാണ് നവജാത ശിശുക്കളുടെ അമ്മമാരുടെ പ്രതികരണം. മൈറ്റോകോണ്‍ഡ്രിയല്‍ രോഗത്തിന്റെ പേരിലുള്ള കാലങ്ങളായുള്ള പഴി ഈ രീതിയിലൂടെ മാറിയെന്നും ഒരു അമ്മ ബിബിസിയോട് പ്രതികരിച്ചത്.
ഭക്ഷണം ഓക്സിജനെ ഉപയോഗിച്ച് ശരീരത്തിന് വളർച്ചയ്ക്ക് ആവശ്യമുള്ള ഇന്ധനമായി മാറ്റുന്നത് കോശങ്ങളിലെ മൈറ്റോകോൺഡ്രിയയാണ്. മൈറ്റോകോൺഡ്രിയയിൽ വരുന്ന തകരാറ് ഹൃദയ സംബന്ധിയായ തകരാറുകളിലേക്കും തലച്ചോറിൽ രക്ത സ്രാവത്തിനും അന്ധതയ്ക്കും അപ്സ്മാരം പോലുള്ള രോഗത്തിനും കാരണമാകുന്നുണ്ട്. അയ്യായിരം കുട്ടികളിൽ ഒരാൾ ഇത്തരം തകരാറുമായി ആണ് ജനിക്കുന്നത്. ന്യൂകാസിലിൽ ഉള്ള മെഡിക്കൽ സംഘം വിശദമാക്കുന്നത് അനുസരിച്ച് ഓരോ വർഷവും മൂന്ന് രക്ഷിതാക്കളിൽ നിന്ന് പിറക്കുന്ന 20 മുതൽ 30 വരെ കുട്ടികളുണ്ടാവാനുള്ള സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്. അച്ഛന്റെ ബീജവും അമ്മയുടേയും ദാതാവായ സ്ത്രീയുടെ അണ്ഡവും ലാബിൽ വച്ച് സംയോജിപ്പിച്ചാണ് ഭ്രൂണത്തിന് രൂപം നൽകുന്നത്.
ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിയായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ന്യൂ കാസിലിലെ 22 കുടുംബങ്ങളാണ് ഈ പ്രക്രിയയിലൂടെ കടന്ന് പോയതെന്നും റിപ്പോർട്ട് വിശദമാക്കിയത്. നാല് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് ഇത്തരത്തിൽ ജനിച്ചത്. ഇതിൽ രണ്ട് പേർ ഇരട്ടകളുമാണ്. മൂന്നാമതൊരു ദാതാവ് ഉണ്ടെങ്കിലും ഭ്രൂണത്തില്‍ മാതാപിതാക്കളുടെ ഡിഎന്‍എയാണ് ഭൂരിഭാഗവുമെന്നതിനാല്‍ ജീവശാസ്ത്രപരമായി കുഞ്ഞ് ദമ്പതികളുടേത് തന്നെയായിരിക്കുമെന്നതാണ് ചികിത്സാ രീതിയുടെ പ്രത്യേകത.


