അമേരിക്കയ്ക്ക് ഇന്ത്യയുമായി വലിയ വ്യാപാര ബന്ധമുണ്ടെന്നും, ഇന്ത്യയുടെ മേൽ അതിവേഗം താരിഫ് വർദ്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറ‌ഞ്ഞു.

വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര-ഊർജ്ജ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കിൽ അധിക നികുതി ചുമത്തുമെന്നാണ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ നല്ല മനുഷ്യനാണ്, അദ്ദേഹം നല്ല വ്യക്തിയാണ്. പക്ഷേ ഞാൻ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. 

അമേരിക്കയുടെ വ്യാപാര-ഊർജ്ജ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ അതിവേഗത്തിൽ അധിക നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റഷ്യൻ എണ്ണ വിഷയത്തിൽ ഇന്ത്യ അമേരിക്കയെ സഹായിക്കണം. അമേരിക്കയ്ക്ക് ഇന്ത്യയുമായി വലിയ വ്യാപാര ബന്ധമുണ്ടെന്നും, ഇന്ത്യയുടെ മേൽ അതിവേഗം താരിഫ് വർദ്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറ‌ഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളിലുള്ള അതൃപ്തിയാണ് ട്രംപിന്‍റെ നികുതി ഭീഷണിക്ക് പിന്നിലെന്നാണ് വിലയിരുത്തിൽ.