അമേരിക്ക: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നിർമ്മിച്ച ബേബി ട്രംപ് ബലൂൺ നശിപ്പിച്ച നിലയിൽ. അലബാമ യൂണിവേഴ്സിറ്റി ഫുട്ബോൾ ​ഗെയിം കാണുന്നതിന് വേണ്ടിയുളള ട്രംപിന്റെ സന്ദർശനത്തിനിടെയാണ് സംഭവം. കത്തിക്കൊണ്ട് കുത്തിക്കീറിയ അവസ്ഥയിലാണ് ബേബി ട്രംപിന്റെ ബലൂൺ കാണപ്പെട്ടത്. നശിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 20 അടി ഉയരമുണ്ട് ഈ ബലൂണിന്. കളി നടക്കുന്ന സ്റ്റേഡിയത്തിന് സമീപമുള്ള പാർക്കിലായിരുന്നു ബലൂൺ സ്ഥാപിച്ചിരുന്നത്. 

ട്രംപിന്റെ നയങ്ങൾക്കും അവസരവാദങ്ങൾക്കും എതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ബേബി ട്രംപ് എന്ന കോമാളി ബലൂണിന്റെ നിർമ്മാണം. പക്വതയും  വിവേകവുമില്ലാത്ത രാഷ്ട്രത്തലവനാണ് ട്രംപ് എന്ന് കാണിക്കാൻ വേണ്ടിയാണ്, ഓറഞ്ച് നിറത്തിൽ, ‍ഡയപ്പർ കെട്ടി, മൊബൈലും പിടിച്ചുള്ള ഈ ബലൂൺ നിർമ്മിച്ചത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമാണ് പ്രതിഷധത്തിന്റെ പ്രധാന കാരണമെന്നാണ് ഇവർ പറയുന്നത്. ലണ്ടനിലാണ് ട്രംപിനെതിരെയുളള  പ്രതിഷേധ ബലൂൺ ആദ്യം ഉയർന്നത്. പിന്നീട് ട്രംപ് സന്ദർശിക്കുന്ന ഇടങ്ങളിലെല്ലാം പ്രതിഷേധക്കാർ ബേബി ട്രംപ് ബലൂൺ പറത്തുന്നുണ്ട്.