ലോക്കറുകൾ തുറന്നപ്പോൾ മുൻ പ്രധാനമന്ത്രിയുടേതായ ഏകദേശം 9.7 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സിഐസി ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിച്ചെടുത്തവയിൽ സ്വർണ്ണ നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ധാക്ക: ബംഗ്ലാദേശിലെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറിൽ നിന്ന് 10 കിലോ സ്വർണം കണ്ടെടുത്തതായി അഴിമതി വിരുദ്ധ അധികൃതർ. 1.3 മില്യൺ ഡോളർ (11.5 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന 10 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സെപ്റ്റംബറിൽ പിടിച്ചെടുത്ത ലോക്കറുകൾ ഇപ്പോഴാണ് തുറന്ന് വിശദമായി പരിശോധിക്കുന്നതെന്ന് നാഷണൽ ബോർഡ് ഓഫ് റവന്യൂവിന്റെ സെൻട്രൽ ഇന്റലിജൻസ് സെല്ലിലെ (സിഐസി) ഉദ്യോഗസ്ഥർ പറഞ്ഞു. കോടതി ഉത്തരവിനെത്തുടർന്ന് ഞങ്ങൾ ലോക്കറുകൾ തുറന്നപ്പോൾ മുൻ പ്രധാനമന്ത്രിയുടേതായ ഏകദേശം 9.7 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സിഐസി ഉദ്യോഗസ്ഥൻ പറഞ്ഞു. പിടിച്ചെടുത്തവയിൽ സ്വർണ്ണ നാണയങ്ങൾ, ബാറുകൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഹസീനയ്ക്ക് അധികാരത്തിലിരിക്കെ ലഭിച്ച ചില സമ്മാനങ്ങൾ നിയമം അനുശാസിക്കുന്നതുപോലെ, "തോഷഖാന" എന്നറിയപ്പെടുന്ന സംസ്ഥാന ട്രഷറിയിൽ നിക്ഷേപിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ റവന്യൂ ബോർഡ് ആരോപിക്കപ്പെടുന്ന നികുതി വെട്ടിപ്പ് അന്വേഷിക്കുകയും മുൻ പ്രധാനമന്ത്രി തന്റെ നികുതി ഫയലിംഗുകളിൽ കണ്ടെടുത്ത സ്വർണ്ണം രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബം​ഗ്ലാദേശ് സർക്കാർ അറിയിച്ചു. എന്നാല്‍, ഹസീനയെ കൈമാറില്ലെന്ന് ഇന്ത്യ അറിയിച്ചു. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബം​ഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്.