Asianet News MalayalamAsianet News Malayalam

ഒരുമാസത്തെ അവധി കിട്ടാൻ വേണ്ടി ഈ ബാങ്കുദ്യോഗസ്ഥൻ വിവാഹം കഴിച്ചത് നാലുവട്ടം

അവധി, വിലയിളവ് എന്നിവയ്ക്കുവേണ്ടി ഇങ്ങനെ പല തരത്തിലുള്ള തട്ടിപ്പുവേലകളിലും ഏർപ്പെടാൻ തായ്‌വാൻ ജനത തയ്യാറാകുന്നുണ്ട്. 

Bank employee in Taiwan marries and divorces 3 times in one month to get paid leave
Author
Taiwan, First Published Jun 1, 2021, 11:19 AM IST

സ്വന്തം ജീവനക്കാരിൽ ഒരാളുടെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പേരിൽ ആകെ വലഞ്ഞിരിക്കുകയാണ് തായ്‌വാനിലെ ഒരു ബാങ്ക്. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലായി, അവരുടെ ഒരു ഓഫീസർ, 37 ദിവസത്തിനിടെ സ്വന്തം ജീവിതപങ്കാളിയെ വിവാഹം കഴിക്കുകയും, ബന്ധം വേർപെടുത്തുകയും ചെയ്തത് നാലുവട്ടമാണ്. എന്തിനാണെന്നോ? ബാങ്കിൽ നിന്ന് 32 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി സംഘടിപ്പിച്ചെടുക്കാൻ. ജീവനക്കാരന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞ ബാങ്ക് അയാൾക്കെതിരെ തൊഴിൽ വകുപ്പിൽ അപ്പീൽ നൽകിയപ്പോൾ, ബാങ്കിനുമേൽ വലിയൊരു തുക പിഴ ചുമത്തുകയാണ് ലേബർ ഡിപ്പാർട്ടുമെന്റ് ആദ്യം ചെയ്തത്. എത്ര പ്രാവശ്യം വിവാഹം കഴിക്കാം എന്നതിന് തായ്‌വാനിൽ ഒരു പരിധിയുമില്ല എന്നതുതന്നെ കാരണം. ഈ പിഴ പിന്നീട് തൊഴിൽ വകുപ്പ് ഇളവ് ചെയ്തു നൽകി എങ്കിലും, ബാങ്കിന് തങ്ങളുടെ അച്ചടക്ക നടപടി സാധൂകരിക്കത്തക്കതാണ് എന്ന് ഇതുവരെ തെളിയിച്ചെടുക്കാൻ സാധിച്ചിട്ടില്ല. 

ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന പലർക്കും ഒരാഴ്ച പോലും തുടർച്ചയായി അവധി അനുവദിച്ചു കിട്ടുക ഏറെക്കുറെ അസാധ്യമായിരിക്കെയാണ്, തായ്‌വാനിൽ ഇങ്ങനെ ഒരാൾ ഒരു മാസത്തോളം അവധി കിട്ടാൻ വേണ്ടി, നമുക്കൊക്കെ സങ്കല്പിക്കാൻ പോലും പ്രയാസമുള്ളത്ര ജടിലമായ കാര്യങ്ങൾ ചെയ്തു കൂട്ടിയത്. തായ്‌വാനിലെ ഗവണ്മെന്റിന്റെ കാര്യക്ഷമത അത്രയ്ക്കു കൂടുതലാണ് എന്നതാണ്, ജീവനക്കാരെ ഇങ്ങനെയുള്ള സൂത്രപ്പണികൾ ചെയ്യാൻ പ്രാപ്തരാക്കുന്നത് എന്നതാണ് സത്യം. അവധി, വിലയിളവ് എന്നിവയ്ക്കുവേണ്ടി ഇങ്ങനെ പല തരത്തിലുള്ള തട്ടിപ്പുവേലകളിലും ഏർപ്പെടാൻ തായ്‌വാൻ ജനത തയ്യാറാകുന്നുണ്ട്. 

 

Bank employee in Taiwan marries and divorces 3 times in one month to get paid leave

 

മാർച്ചിൽ, തായ്‌വാനിൽ നിന്ന് പുറപ്പെട്ട മറ്റൊരു രസകരമായ വൈറൽ വാർത്ത, അവിടത്തെ ജനങ്ങൾ തങ്ങളുടെ പേര് 'സാൽമൺ' എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. 'സുഷിറോ' എന്ന് പേരായ ഒരു സുഷി റെസ്റ്റോറന്റ് ചെയിൻ തുടങ്ങി വെച്ച ഒരു പ്രൊമോഷണൽ കാമ്പെയ്ൻ ആയിരുന്നു പ്രശ്നങ്ങൾക്ക് ആധാരം. മാൻഡാരിൻ ഭാഷയിൽ സാൽമൺ എന്ന പേരുള്ളവർക്ക് അവരുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ കുറഞ്ഞ നിരക്കിൽ സുഷി നൽകും എന്നതായിരുന്നു സുഷിറോയുടെ ഓഫർ. അടുത്ത ദിവസങ്ങളിൽ തായ്‌വാനിലെ ഹൗസ്ഹോൾഡ് രെജിസ്ട്രേഷൻ ഓഫീസിൽ തങ്ങളുടെ പേര് 'സാൽമൺ' എന്ന് മാറ്റാൻ വേണ്ടി വരി നിന്നത് നൂറുകണക്കിന് പേരാണ്. ചിലർ തങ്ങളുടെ കൂടെ റെസ്റ്റോറന്റിൽ ചെന്നിരുന്നു കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് സുഷി അകത്താക്കാൻ വേണ്ടി മറ്റുളളവരിൽ നിന്ന് അതിനു ശേഷം പണം വരെ ഈടാക്കിത്തുടങ്ങി. 

മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങൾ സൂചിപ്പിക്കുന്നത്, തായ്‌വാൻ ഗവണ്മെന്റിന്റെ കർശനമായ നിയമങ്ങളുടെ നൂൽപ്പഴുതുകൾ മുതലെടുത്തുകൊണ്ട് ചെറിയ ചെറിയ നേട്ടങ്ങൾ ഉണ്ടാക്കാൻ വേണ്ടി അവിടത്തെ ജനത കഴിഞ്ഞ ഒരു വർഷത്തിനിടെ വല്ലാതെ ശ്രമിക്കുന്നുണ്ട് എന്നാണ്. കൊവിഡ് പോരാട്ടത്തിന്റെ കാര്യത്തിൽ തങ്ങളുടെ ഗവണ്മെന്റ് നിരീക്ഷണ സംവിധാനങ്ങൾ വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ലോകത്തിനു തന്നെ മാതൃകയായ രാജ്യങ്ങളിൽ ഒന്നാണ് തായ്‌വാൻ. കൊവിഡ് വന്ന ആദ്യ വർഷത്തിൽ വെറും 1100 കേസുകളും 12 മരണങ്ങളും മാത്രമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അങ്ങനെ, ആരോഗ്യരംഗം അടക്കമുള്ള മേഖലകളിൽ ഏറെ പുരോഗമിച്ചു എന്നവകാശപ്പെടുന്ന തായ്‌വാനിൽ, അവധിയും വിലക്കിഴിവും പോലുള്ള നേട്ടങ്ങൾക്കായി, ജനം അത്യന്തം സങ്കീർണമായ തട്ടിപ്പുകളിൽ ഏർപ്പെടാൻ തയ്യാറാവുന്നു എന്നത്, പുറമേക്ക് എല്ലാം ഭദ്രം എന്ന് തോന്നിപ്പിക്കുന്ന ആ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് വെളിപ്പെടുത്തുന്നത്. 

ബാങ്കിൽ ജോലി ചെയ്ത യുവാവ്, ഒരു മാസത്തെ ലീവിന് വേണ്ടി സ്വന്തം പങ്കാളിയുമായുള്ള ബന്ധം മൂന്നുവട്ടം വേർപെടുത്തി, അവളെ നാലുവട്ടം വിവാഹം ചെയ്ത വർഷത്തിൽ, തായ്‌വാനിലെ വാർഷിക അവധി 115 ദിവസമായിരുന്നു. അമേരിക്കയിലെ ശരാശരി വാർഷിക ജോലി സമയം 1800 മണിക്കൂർ ആണെങ്കിൽ, തായ്‌വാനിൽ അത് 2033 മണിക്കൂർ ആണ്. 2018 ൽ തായ്‌വാനിലെ സായി ഗവണ്മെന്റ് ജീവനക്കാരുടെ വാർഷിക അവധിദിനങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനമെടുത്തതിലൂടെ റദ്ദാക്കപ്പെട്ടത് ചുരുങ്ങിയത് 30 വര്ഷങ്ങളുടെ എങ്കിലും തൊഴിൽ പരിഷ്കാരങ്ങളാണ്. തങ്ങളുടെ ജീവനക്കാരെ സംഘടിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ സാധ്യമായതെന്തും ചെയ്യുന്നവരാണ് തായ്‌വാനിലെ മിക്ക സ്വകാര്യ കമ്പനികളും. തായ്‌വാനിലെ ഉയർന്ന ജീവിതച്ചെലവ് വെച്ച് നോക്കുമ്പോൾ രാജ്യത്തെ തൊഴിലാളികൾക്ക് കിട്ടുന്നത് വളരെ തുച്ഛമായ ശമ്പളം മാത്രമാണ്. കിട്ടുന്ന ശമ്പളം പലർക്കും ഇൻസ്റ്റന്റ് ന്യൂഡിൽസ് വാങ്ങിത്തിന്ന് വിശപ്പടക്കാൻ മാത്രമേ തികയൂ. സ്വന്തമായി ഒരു വീടെന്നത് പലർക്കും സങ്കൽപ്പിക്കാൻ പോലും ആകാത്ത ഒരു കാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ. അടുത്തിടെ നടന്ന ഒരു പഠനം സൂചിച്ചത് ഒരു ശരാശരി തായ്‌വാൻ പൗരൻ 15 വർഷത്തോളം ഉണ്ണാതെയും ഉടുക്കാതെയും കിടന്നാൽ മാത്രമേ അവന് ഒരു വീട് സ്വന്തമാക്കാൻ വേണ്ട പണം സ്വരൂപിക്കാനാവൂ എന്നാണ്. 

തായ്‌വാനിൽ നിന്ന് പുറത്തുവരുന്ന മേൽപ്പറഞ്ഞ തരത്തിലുള്ള വാർത്തകൾ അവയുടെ വിചിത്ര സ്വഭാവം നിമിത്തം ആഗോള മാധ്യമങ്ങളുടെ തന്നെ തലക്കെട്ടുകളിൽ ഇടം പിടിക്കാറുണ്ട്. തായ്‌വാനെ പോലെ പുറമേക്കെങ്കിലും പുരോഗമിച്ചത് എന്ന് തോന്നിക്കുന്ന ഒരു രാജ്യത്തും ഇങ്ങനെയുള്ള സൂത്രപ്പണികൾക്ക് ജനം നിർബന്ധിതരാകുന്നു എന്നത് തികച്ചും ദൗർഭാഗ്യകരമായ ഒരു സാഹചര്യമാണ്. കൃത്യമായ തൊഴിലാളി ക്ഷേമ നയങ്ങൾ നിലവിലില്ല എങ്കിൽ, എത്ര കാര്യക്ഷമമായ ഗവൺമെന്റാണ് രാജ്യം ഭരിക്കുന്നതെങ്കിലും ജനങ്ങൾക്ക് അതിന്റെ ഗുണം കിട്ടില്ല എന്നാണ് തായ്‌വാനിലെ ഈ യാഥാർഥ്യങ്ങൾ നമുക്ക് നൽകുന്ന പാഠം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios