ഡിസംബറിൽ ട്രംപും നെതന്യാഹുവും ചേർന്ന് ആസൂത്രണം ചെയ്ത സൈനിക നടപടിയാണ് ഇറാനിൽ നടന്നത്. നയതന്ത്ര ചർച്ചകളെന്ന വ്യാജേന ഇറാൻ നേതാക്കളെ കബളിപ്പിച്ച് പുറത്തെത്തിച്ച യുഎസ്-ഇസ്രായേൽ സഖ്യം, ഖാംനഈയെയും ഉന്നത ഉദ്യോഗസ്ഥരെയും ആക്രമണത്തിൽ വധിച്ചു.  

വാഷിംഗ്ടൺ: ശനിയാഴ്ച ഇറാനിൽ നടന്ന സൈനിക നടപടിയുടെ വിത്തുകൾ പാകിയത് കഴിഞ്ഞ ഡിസംബർ അവസാനമാണ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാന്റെ വിധി നിർണ്ണയിക്കപ്പെട്ടത്. ഇറാനിൽ ആഭ്യന്തര പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത് ഈ നീക്കങ്ങൾക്ക് വേഗത കൂട്ടി. ഇറാനെ ആക്രമിക്കാനുള്ള പദ്ധതികൾ രഹസ്യമായി പുരോഗമിക്കുമ്പോഴും, ഒരു സമാധാന കരാർ സാധ്യമാണെന്ന് ഇറാനെ വിശ്വസിപ്പിക്കാൻ ട്രംപിന് കഴിഞ്ഞു. ഫെബ്രുവരിയിൽ ഒമാനിലും തുടർന്ന് ജനീവയിലും നടന്ന ചർച്ചകൾ ഇതിന്റെ ഭാഗമായിരുന്നു.

ട്രംപിന്റെ വിശ്വസ്തരായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും ജനീവയിൽ ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തുമ്പോൾ, ഖാംനഈ കരുതിയത് നയതന്ത്രം വഴി യുദ്ധം ഒഴിവാക്കാം എന്നാണ്. ഈ ചർച്ചകൾ നടക്കുമ്പോൾ തന്നെ മൊസാദ് തലവനും ഇസ്രായേൽ സൈനിക മേധാവികളും വാഷിംഗ്ടണിൽ ആക്രമണത്തിന്റെ അന്തിമ ബ്ലൂപ്രിന്റ് തയ്യാറാക്കുകയായിരുന്നു. ഇറാൻ നേതാക്കളെ ബങ്കറുകളിലേക്ക് പിന്മാറാൻ അനുവദിക്കാതെ തുറന്ന സ്ഥലത്ത് ലഭ്യമാക്കാൻ ഈ നയതന്ത്ര നാടകം സഹായിച്ചു. ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ 'വെറും തട്ടിപ്പാണ്' എന്ന് കുഷ്നർ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ അറിയിച്ചു. പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് തർക്കം നിലനിന്നിരുന്നത്.

സിവിൽ ആവശ്യങ്ങൾക്കായി സൗജന്യമായി ആണവ ഇന്ധനം നൽകാമെന്ന് യുഎസ് വാഗ്ദാനം ചെയ്തെങ്കിലും സ്വന്തമായി യൂറേനിയം സമ്പുഷ്ടീകരണം നടത്തണമെന്ന വാശിയിൽ ഇറാൻ ഉറച്ചുനിന്നു. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഇറാൻ തയ്യാറായില്ല. മാസം 100 മിസൈലുകൾ വരെ നിർമ്മിക്കാനുള്ള ഇറാന്റെ ശേഷി തങ്ങൾക്ക് ഭീഷണിയാണെന്ന് യുഎസ് വിലയിരുത്തി. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്കുള്ള സാമ്പത്തിക സഹായം നിർത്താൻ ഇറാൻ വിസമ്മതിച്ചു. ഇവയെല്ലാം വലിയ ഭീഷണിയും അവസരവുമായി യുഎസും ഇസ്രായേലും കണ്ടു.

ഇതിനെല്ലാം പുറമെ, കഴിഞ്ഞ ജൂണിലെ 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിൽ' തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ ഇറാൻ രഹസ്യമായി പുനർനിർമ്മിക്കുകയാണെന്ന് അമേരിക്കൻ ഇന്റലിജൻസ് കണ്ടെത്തി. മെഡിക്കൽ ഗവേഷണത്തിന്റെ മറവിൽ തെഹ്‌റാൻ റിസർച്ച് റിയാക്ടറിൽ ആണവ ഇന്ധനം ശേഖരിക്കുകയായിരുന്നു എന്നും യുഎസ് ആരോപിക്കുന്നു. 2015-ലെ ആണവ കരാറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ അഞ്ചിരട്ടി ശേഷി വർദ്ധിപ്പിക്കാനായിരുന്നു ഇറാന്റെ നീക്കമെന്നാണ് അമേരിക്കയുടെ പ്രധാന കണ്ടെത്തൽ.

അന്തിമ നിമിഷങ്ങൾ

വെള്ളിയാഴ്ച ഒമാൻ വിദേശകാര്യമന്ത്രി വാഷിംഗ്ടണിലെത്തി ആക്രമണം ഒഴിവാക്കാൻ അവസാന ശ്രമം നടത്തിയെങ്കിലും ട്രംപ് വഴങ്ങിയില്ല. ശനിയാഴ്ച രാവിലെ ഖമനെയി തന്റെ ഉന്നത സഹായികളുമായി പതിവ് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ കൃത്യമായ വിവരം യുഎസ്-ഇസ്രായേൽ സൈന്യത്തിന് ലഭിച്ചു. ഒരേസമയം മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടന്നു. ഖാംനഈയും അദ്ദേഹത്തിന്റെ ഇന്റലിജൻസ് തലവന്മാരും ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഇറാൻ തങ്ങളുടെ പഴയ 'തന്ത്രപരമായ ക്ഷമ' പയറ്റുകയായിരുന്നു. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി സമയം ലാഭിക്കാമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാൽ ട്രംപ് ഭരണകൂടം മുൻപത്തെക്കാൾ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുമെന്ന് അവർ കണക്കുകൂട്ടിയില്ല. തങ്ങൾ ട്രംപിനെയാണ് കബളിപ്പിക്കുന്നതെന്ന് ഇറാൻ കരുതിയെങ്കിൽ, നടന്നത് മറിച്ചായിരുന്നുവെന്ന് ആക്രമണ ശേഷമുള്ള ഇസ്രായേലിന്റെ ചില പ്രതികരണങ്ങൾ കൂടി വ്യക്തമാക്കുന്നു. 'അവർ അഹങ്കാരികളായിരുന്നു, ട്രംപ് നടപടി എടുക്കില്ലെന്ന് അവർ വിശ്വസിച്ചു. അവർക്ക് തെറ്റി," എന്നായിരുന്നു ആക്രമണ ശേഷം ഇസ്രായേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.