Asianet News MalayalamAsianet News Malayalam

Covid 19| കൊവിഡ് രോഗികളുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ യോഗങ്ങള്‍ റദ്ദാക്കി ബീജിംഗ്

ആളുകളുമായി സമ്പര്‍ക്കം ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാത്ത എല്ലാ യോഗങ്ങളും റദ്ദാക്കാനാണ് കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Beijing cancels events as covid reaches record number in 17 months
Author
Beijing, First Published Nov 13, 2021, 7:02 AM IST
  • Facebook
  • Twitter
  • Whatsapp

ബീജിംഗില്‍(Beijing) കൊവിഡ് രോഗികളുടെ (Covid 19)എണ്ണം കഴിഞ്ഞ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബീജിംഗിലുണ്ടായിട്ടുള്ള കൊവിഡ് കേസുകളുടെ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഇതോടെ ചടങ്ങുകള്‍ റദ്ദാക്കാനും ഓണ്‍ലൈനിലേക്ക് മാറാനും(Cancels Events) നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബീജിംഗ്. ആളുകളുമായി സമ്പര്‍ക്കം ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാത്ത എല്ലാ യോഗങ്ങളും റദ്ദാക്കാനാണ് കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകി നടന്ന പത്ര സമ്മേളനത്തിലാണ് മഹാമാരിയുടെ ഭീകരത സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ മീറ്റിംഗുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നവര്‍ ഉത്തരവാദികള്‍ ആവുമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി 45 കേസുകളാണ് ബീജിംഗില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2020 ജൂണിന് ശേഷം ഇത്രയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കഴിഞ്ഞ അഞ്ച് മാസമായി കൊവിഡിന്‍റെ അഞ്ചാം തരംഗത്തോട് മല്ലിടുകയാണ് രാജ്യം. 21 പ്രവിശ്യകളിലായി ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ആദ്യം പുറപ്പെട്ട വുഹാനിലും വൈറസ് ബാധ വീണ്ടും രൂക്ഷമായതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ വിന്‍റര്‍ ഒളിംപിക്സിന് വേദിയാവാനിരിക്കെയാണ് പുതിയ വെല്ലുവിളി നേരിടുന്നത്. നിലവിലെ പെട്ടന്നുണ്ടായ രോഗബാധ തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയപരമായും ആരോഗ്യ രംഗത്തും ചൈനയ്ക്ക് കടുത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ലോകത്ത് 5 മില്യണ്‍ ആളുകളുടെ ജീവന്‍ അപകരിച്ച മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിച്ചതിനേക്കുറിച്ച് രാജ്യത്തിന്‍റെ നേതാക്കാള്‍ വലിയ  രീതിയില്‍ വീമ്പിളക്കുമ്പോഴാണ് പുതിയ തരംഗം രാജ്യത്തെ വലയ്ക്കുന്നതെന്നും ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് 5000ല്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ചൈനീസ് നേതാക്കള്‍ അടുത്തിടെ അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് പുതിയ ഡെല്‍റ്റ വകഭേദം വ്യാപകമായി പടരാന്‍ തുടങ്ങിയതും.

കൊവിഡിനെ തുടക്കത്തില്‍ വളരെ വിജയകരമായി നേരിട്ട സിംഗപ്പൂരും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങളിലും ഇപ്പോള്‍ ഡെല്‍റ്റ വകഭേദത്തിന്‍റെ ഭീഷണിയിലാണ്. നിലവിലെ വൈറസ് തരംഗത്തില്‍ നിരവധിപ്പേര്‍ ബാധിക്കപ്പെട്ടതായാണ് ബിജിംഗിലെ വിലയിരുത്തല്‍. സമ്പര്‍ത്തിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ബീജിംഗിലെ ആശുപത്രിയും ഷോപ്പിംഗ് മാളും ഇതിനോടകം അടച്ച് പൂട്ടിയിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരും ലോക്ക്ഡൌണിലാണുള്ളത്. തീരദേശ പ്രദേശമായ ഡാലിയനാണ് നിരവിലെ തരംഗത്തില്‍ കൊവിഡ് ഹോട്ട് സ്പോട്ട് ആയിട്ടുള്ളത്. 52 പുതിയ കേസുകളും അഞ്ച് പേര്‍ക്ക് ലക്ഷണങ്ങളുമാണ് വെള്ളിയാഴ്ച ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios