ഈജിപ്തിലെ അറിയപ്പെടുന്ന ഒരു ഹൈ പ്രൊഫൈൽ ബെല്ലി ഡാൻസർ ആണ് സമാ എൽ മാസ്സ്‌രി. കഴിഞ്ഞ ഞായറാഴ്ച, ഇന്റർനെറ്റിൽ ലൈംഗിക ചുവയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്തു എന്ന കുറ്റം ചുമത്തി നടന്ന വിചാരണയ്‌ക്കൊടുവിൽ സമയെ ഈജിപ്തിലെ കോടതി മൂന്നുവർഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തടവിന് പുറമെ £15,000 (ഏകദേശം 14 ലക്ഷം രൂപ) പിഴയും കോടതി ഈ നർത്തകിക്കുമേൽ ചുമത്തിയിട്ടുണ്ട്. ഗവൺമെന്റ് സോഷ്യൽ മീഡിയക്ക് മേൽ പിടിമുറുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്ന്‌ പറയപ്പെടുന്നു. ടിക്ട്ടോക്കിൽ ഈ നർത്തകി അപ്‌ലോഡ് ചെയ്ത വീഡിയോ ലൈംഗികതയുടെ അതിപ്രസരമുള്ളതാണ് എന്നും അത്തരത്തിലുള്ള വീഡിയോകൾ സമൂഹത്തെ ദുഷിപ്പിക്കും എന്നുമായിരുന്നു പരാതിക്കാരന്റെ ആക്ഷേപം.

കഴിഞ്ഞ ഏപ്രിലിലാണ് സമൂഹത്തെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതും, സദാചാരത്തിന് നിരക്കാത്തതുമായ വീഡിയോകൾ ഇന്റർനെറ്റിൽ പങ്കുവെച്ചു എന്നാരോപിച്ചുകൊണ്ട്‌ 42 കാരിയായ ഈ ബെല്ലി ഡാൻസറെ അറസ്റ്റുചെയ്യുന്നത്. എന്നാൽ ഈ വീഡിയോകൾ താൻ അല്ല ഇന്റർനെറ്റിൽ പങ്കുവെച്ചത് എന്നും, അത് താനറിയാതെ ആരോ തന്റെ മൊബൈൽ ഫോണിൽ നിന്ന് ചോർത്തി, തന്റെ അനുവാദം കൂടാതെ ഇന്റർനെറ്റിൽ പങ്കുവെച്ചതാണ് എന്നും ഈ നർത്തകി വാദിച്ചു എങ്കിലും ആ വാദങ്ങൾ തള്ളിയ കോടതി സമാ എൽ മാസ്സ്‌രിയെ കുറ്റക്കാരിയെന്നു കണ്ട് മൂന്നുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.

 

 

ഈ വീഡിയോയുടെ പേരിൽ പോലീസിൽ പരാതിപ്പെട്ട, ജോൺ തലാത്ത് എന്ന ഈജിപ്ഷ്യൻ പാർലമെന്റംഗം, സമാ എൽ മാസ്സ്‌രിയും അതുപോലുള്ള സ്ത്രീ സോഷ്യൽ മീഡിയ താരങ്ങളും ചേർന്ന് ഈജിപ്ഷ്യൻ സമൂഹത്തിലെ കുടുംബവ്യവസ്ഥയും പരമ്പരാഗത മൂല്യങ്ങളും തച്ചുതകർത്ത് സമൂഹത്തിൽ അരാജകത്വം പടർന്നു പിടിക്കാൻ കാരണമാവുകയാണ് എന്ന ആക്ഷേപം വീണ്ടും ഉന്നയിച്ചു. "സ്വാതന്ത്ര്യവും അഴിഞ്ഞാട്ടവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ് എന്നും എംപി പറഞ്ഞു.

എന്നാൽ, താൻ നിരപരാധിയാണ് എന്നും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീലിന് പോകും എന്നും എൽ മാസ്സ്‌രി പറഞ്ഞു. തന്റെ കക്ഷി ഒരു തെറ്റും ചെയ്തിട്ടില്ല എന്നും, ഈജിപ്ഷ്യൻ സമൂഹത്തിൽ സാങ്കേതിക വിദ്യകൊണ്ടുണ്ടായ സമൂലമായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പുതുതലമുറയും അതിനു വിമുഖത കാണിക്കുന്ന പഴയ തലമുറയും തമ്മിലുള്ള ജനറേഷൻ ഗ്യാപ്പാണ് പ്രശ്നത്തിന് കാരണമെന്ന് സമയുടെ അഭിഭാഷകൻ എൽ സയീദ് പറഞ്ഞു.