ധീരമായ തീരുമാനമെടുത്തതിനും ശത്രുരാജ്യത്ത് നിന്ന് പൈലറ്റിനെ രക്ഷിക്കാൻ കുറ്റമറ്റ രീതിയിൽ ദൗത്യം നടപ്പിലാക്കിയതിനും ട്രംപിന് അഭിനന്ദനവുമായി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇറാൻ വെടിവച്ചിട്ട അമേരിക്കൻ യുദ്ധ വിമാനത്തിലെ പൈലറ്റിനെ ഇറാനിൽ നിന്ന് അതിസാഹസികമായി രക്ഷിച്ച യുഎസ് നടപടിക്ക് പ്രശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രക്ഷാ ദൗത്യത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഒറ്റപ്പെട്ടുപോയ യുഎസ് പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക നടത്തിയ പെർഫെക്ട് ദൗത്യത്തിനാണ് അഭിനന്ദനം. രക്ഷാദൗത്യത്തിന് ഇസ്രയേൽ നൽകിയ സഹായത്തിന് ട്രംപ് നന്ദി അറിയിച്ചതായി നെതന്യാഹു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ധീരമായ തീരുമാനമെടുത്തതിനും ശത്രുരാജ്യത്ത് നിന്ന് പൈലറ്റിനെ രക്ഷിക്കാൻ കുറ്റമറ്റ രീതിയിൽ ദൗത്യം നടപ്പിലാക്കിയതിനും ഞാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രക്ഷാദൗത്യത്തിൽ ഇസ്രയേൽ നൽകിയ സഹായത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചുവെന്നാണ് നെതന്യാഹു കുറിച്ചത്. യുദ്ധക്കളത്തിനകത്തും പുറത്തും നമ്മുടെ സഹകരണം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായതിൽ ഞാൻ അഭിമാനിക്കുന്നു. ധീരനായ ഒരു അമേരിക്കൻ പോരാളിയെ രക്ഷിക്കാൻ ഇസ്രയേലിന് കഴിഞ്ഞു എന്നതിലും സന്തോഷമുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.

Scroll to load tweet…

രക്ഷാപ്രവർത്തനത്തിന് ഇസ്രയേൽ രഹസ്യാന്വേഷണ സഹായം നൽകിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പൈലറ്റിനായുള്ള തിരച്ചിലിനെ ബാധിക്കാതിരിക്കാൻ ഇറാനെതിരെ ഇസ്രയേൽ പദ്ധതിയിട്ടിരുന്ന ചില ആക്രമണങ്ങൾ മാറ്റിവെച്ചതായും ഇസ്രയേലി വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. ഇറാൻ വിമാനം വെടിവെച്ചിട്ടതിനെ തുടർന്ന് കാണാതായ രണ്ടാമത്തെ എഫ്-15 പൈലറ്റിനെ സൈന്യം രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുഎസ് സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യമാണിതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ വിശദമാക്കിയത്. ഒരു പോരാളിയെയും പിന്നിൽ ഉപേക്ഷിക്കില്ല എന്നും ട്രംപ് വ്യക്തമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം