ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ തീരുമാനത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ ശ്രമം രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ പിടിച്ചടക്കാനല്ല ശ്രമിക്കുന്നതെന്നും ഹമാസിൻ്റെ പിടിയിൽ നിന്ന് ഗാസയെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഹമാസിൻ്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് ഗാസയുടെ നിയന്ത്രണം സമാധാനകാംക്ഷികളായ ഭരണ സംവിധാനത്തെ ഏൽപ്പിച്ചാൽ അതിലൂടെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഭാവിയിൽ നടന്നേക്കാവുന്ന ആക്രമണ ഭീഷണി ഇല്ലാതാക്കാനും സാധിക്കും എന്നും നെതന്യാഹു പറയുന്നു.
ഇസ്രയേൽ സുരക്ഷാ കാബിനറ്റാണ് ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ നീക്കത്തിന് അനുമതി നൽകിയത്. ഇതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇസ്രയേലിൻ്റെ അടുത്ത സുഹൃത്തായ ജർമനി നെതന്യാഹു സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ ഇസ്രയേലിലേക്കുള്ള സൈനിക കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. ഗാസയെ സഹായിക്കുകയാണ് ജർമനി എന്നാണ് ഈ തീരുമാനത്തോട് നെതന്യാഹു പ്രതികരിച്ചത്.
നേരത്തെ 1967 ൽ ഇസ്രയേൽ ഗാസ പിടിച്ചടക്കിയിരുന്നു. പിന്നീട് 2005 ൽ സൈന്യത്തെ പിൻവലിച്ചു. എന്നാൽ ഇപ്പോഴത്തെ ഇസ്രയേലിൻ്റെ നീക്കത്തെ വിമർശിച്ച് ചൈനയും തുർക്കിയും ബ്രിട്ടനും അറബ് രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസും ഈ തീരുമാനത്തെ വിമർശിച്ചു. ഈ വിഷയം ഇന്ന് നടക്കുന്ന യുഎൻ രക്ഷാസമിതി യോഗം ചർച്ച ചെയ്യും.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ അതിർത്തിക്കുള്ളിൽ കടന്ന് നടത്തിയ ആക്രമണത്തിൽ 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരിൽ 49 പേരെ ഇനിയും വിട്ടയച്ചിട്ടില്ല. ഇതിൽപ്പെടുന്ന 27 പേർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. അതേസമയം ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഇവിടെ നിന്നും തദ്ദേശീയരായ പലസ്തീൻ ജനതയെ ഒഴിപ്പിക്കാനുള്ള നീക്കം പുതിയ യുദ്ധത്തിന് വഴിവെക്കുന്നതാണെന്ന് ഹമാസും പ്രതികരിച്ചിട്ടുണ്ട്.



