Asianet News MalayalamAsianet News Malayalam

ബൈഡൻറെ സംഘത്തിൽ 20 ഇന്ത്യൻ വംശജർ; 13 പേരും വനിതകൾ

അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം നടക്കുകയാണ്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും

Bidens group includes 20 Indians All 13 are women
Author
Kerala, First Published Jan 20, 2021, 7:09 PM IST

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം നടക്കുകയാണ്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. 

ബൈഡൻ ഇന്ന് അധികാരത്തിലേറുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്.  വൈസ് പ്രസിഡന്റ് സ്ഥാനമേൽക്കുന്ന ഇന്ത്യൻ വംശജ കമല ഹാരിസടക്കം  ബൈഡന്റെ ഭരണത്തിൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരിൽ 20 ഇന്ത്യൻ വംശജരുണ്ടെന്നതാണ് അതിൽ പ്രധാനം. അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യൻവംശജർക്ക് ഇത് വലിയ നേട്ടമാണ്. ഇതിനെല്ലാം ഉപരിയായി ഈ  20 പേരിൽ 13 പേരും സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഉദ്ഘാടന ചടങ്ങിന് മുമ്പുതന്നെ ഇത്രയധികം ഇന്ത്യൻ വംശജർക്ക് വിവിധ ചുമതലകൾ നൽകുന്നത് ഇതാദ്യമാണ്. കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ അമേരക്കനാണ്. ഇതിന് പുറമെ വൈറ്റ് ഹൌസ് മാനേജ്മെൻറ് ആൻഡ് ബജറ്റ് ഡയറക്ടറായി നാമനിർദ്ദേശം ചെയ്യപ്പെട്ട നീര ടൻഡൻ, യുഎസ് സർജൻ ജനറലായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ. വിവേക് ​​മൂർത്തി എന്നിവരാണ് പട്ടികയിൽ സുപ്രധാനമായ സ്ഥാനങ്ങളിൽ എത്തിയത്.

അസോസിയേറ്റ് അറ്റോർണി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആയി വനിത ഗുപ്തയെ തെരഞ്ഞെടുത്തു. മുൻ വിദേശ സേവന ഉദ്യോഗസ്ഥൻ ഉസ്രാ സിയയെ സിവിലിയൻ സെക്യൂരിറ്റി, ഡെമോക്രസി, ഹ്യൂമൻ റൈറ്റ്സ് സ്റ്റേറ്റ് അണ്ടർ  സെക്രട്ടറിയായി നിയോഗിച്ചു.

പ്രഥമവനിത ജിൽ ബൈഡന്റെ പോളിസ് ഡയറക്ടറായി മാല അഡിഗ, പ്രഥമവനിതയുടെ ഓഫീസിലെ ഡിജിറ്റൽ ഡയറക്ടറായി ഗരിമ വെർമ, ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രിന സിങ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ടത്.

ആദ്യമായി കശ്മീർ വേരുകളുള്ള രണ്ടുപേരും പുതിയ ഭരണസംഘത്തിലുണ്ട്.  വൈറ്റ് ഹൗസ് ഓഫീസിലെ ഡിജിറ്റൽ സ്ട്രാടജി പാർട്ണർഷിപ്പ് മാനേജർ- ഐഷ ഷാ, വൈറ്റ് ഹൗസിലെ യുഎസ് നാഷണൽ എക്കോണമിക് കൗൺസിലിലെ ഡെപ്യൂട്ടി ഡയറക്ടർ -സമീറ ഫാസിൽ എന്നിങ്ങനെയാണ് നാമനിർദേശം.

വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിലിലെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടറായി ഭാരത് രാമമൂർത്തിയും, പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി ഗൗതം രാഘവനും  മറ്റൊരു ഇന്ത്യൻ വംശജൻ വിനയ് റെഡ്ഡിയും ബൈഡന്റെ ഭരണസംഘത്തിലുണ്ട്. 

അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios