Asianet News MalayalamAsianet News Malayalam

നരേന്ദ്ര മോദി സര്‍ക്കാര്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് സോറോസ്

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും  ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ദേശീയത വളര്‍ത്തി ഹിന്ദു രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് സോറോസ്.

billionaire philanthropist George Soros says Modi creating Hindu nationalist state
Author
Davos, First Published Jan 24, 2020, 3:13 PM IST

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് സോറോസ് കുറ്റപ്പെടുത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയാണ് സോറോസ് നരേന്ദ്രമോജിക്കെതിരെ ആഞ്ഞടിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഹിന്ദുരാഷ്ട്രമുണ്ടാക്കാനാണെന്ന് ജോര്‍ജ് സോറോസ് തുറന്നടിച്ചു.

ദേശീയതയെക്കുറിച്ച് സംസാരിക്കവെ ഇന്ത്യയെ ഉദാഹരണമായി ചൂണ്ടിക്കാക്കിയായിരുന്നു സോറോസിന്‍റെ വിമര്‍ശനം. ഇന്ത്യയില്‍ ദേശീയത  കുറയുന്നതിന് പകരം അത് തീവ്രമാകുകയാണ് ചെയ്തത്.  അവിടെ ജനാധിപത്യ രീതിയില്‍  തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു.- അദ്ദേഹം പറഞ്ഞു. 

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും  ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ദേശീയത വളര്‍ത്തി ഹിന്ദു രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ്  പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവര്‍ക്കെതിരെയും സോറസ് കടുത്ത വിമര്‍ശനമുന്നയിച്ചു.

ലോകം തനിക്കു ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്ന കാപട്യക്കാരനും നാര്‍സിസിസ്റ്റുമാണ് അമേരിക്കന്‍  പ്രസിഡന്റ് ട്രംപെന്ന് സോറോസ് പറഞ്ഞു. ട്രംപിന്‍റെ സാമ്പത്തിക ടീം അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയെ ചൂട്ടാക്കി നിര്‍ത്തുകയാണ്. ഒരുകാര്യം ഓര്‍ക്കണം, അമിതമായ ചൂടായ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ നേരം തിളപ്പിക്കാനാവില്ല- സോറോസ് പറഞ്ഞു. ചൈനീസ് ജനതയ്ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു ഷീ ജിന്‍പിങ് എന്നും സോറോസ് കുറ്റപ്പെടുത്തി.  

Follow Us:
Download App:
  • android
  • ios