രാജ്യത്തെ അധിക വൈദ്യുതിയാണ് ഇത്തരത്തിൽ ഉപയോഗിക്കുമെന്നാണ് ഇസ്ലാമബാദ് വിശദമാക്കിയിട്ടുള്ളത്.
ഇസ്ലാമബാദ്: പവർ ബിറ്റ്കോയിൻ മൈനിംഗിനും എഐ ഡാറ്റ സെന്ററുകൾക്കുമായി 2000 മെഗാവാട്ട് വൈദ്യുതി നൽകാനുള്ള നീക്കത്തിൽ പാകിസ്ഥാനെന്ന് റിപ്പോർട്ട്. ധനകാര്യ മന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ 2000 മെഗാവാട്ട് വൈദ്യുതി നൽകുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ അധിക വൈദ്യുതിയാണ് ഇത്തരത്തിൽ ഉപയോഗിക്കുമെന്നാണ് ഇസ്ലാമബാദ് വിശദമാക്കിയിട്ടുള്ളത്.
ഉയർന്ന വൈദ്യുതി നിരക്കുകളും അധിക ഉത്പാദന ശേഷിയും ഉൾപ്പെടെ പാകിസ്ഥാന്റെ ഊർജ മേഖലക്ക് വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. വൈദ്യുതിയുടെ ഉയർന്ന ചെലവുകൾ മൂലം കൂടുതൽ ഉപഭോക്താക്കൾ സൌരോർജ്ജം പോലുള്ള പരിസ്ഥിതി സൌഹൃദ ഊർജ്ജോത്പാദന രീതികൾ സ്വീകരിച്ചതിന് പിന്നാലെയാണ് ഇത്. സർക്കാരിന്റെ പിന്തുണയുള്ള പാകിസ്ഥാൻ ക്രിപ്‌റ്റോ കൗൺസിൽ (PCC) ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
അധിക വൈദ്യുതി വാണിജ്യവത്കരിക്കുക, ഉയർന്ന സാങ്കേതികതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് തുടങ്ങുന്ന പദ്ധതിയാണ് ഇതെന്ന് മന്ത്രാലയം വിശദമാക്കുന്നത്. ഇത് വിപുലമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ആദ്യഘട്ടമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ ബിറ്റ്കോയിനുകൾ പ്രചാരത്തിൽ വരുത്തുകയും ബിറ്റ്കോയിൻ ഇടപാടുകൾ പരിശോധിച്ചുറപ്പിക്കുകയും ബ്ലോക്ക്ചെയിനിൽ ചേർക്കുകയും ചെയ്യുന്നതിനേയാണ് ബിറ്റ്കോയിൻ മൈനിംഗ് എന്നതുകൊണ്ട് വ്യക്തമാക്കുന്നത്.


