കേസ് കോടതിയിലെത്തിയതോടെ അക്രമിക്കാൻ ശ്രമിച്ച യുവാവിന് ആറ് മാസം തടവും പരാതിക്കാരിക്ക് 10 മാസം തടവ് ശിക്ഷയുമാണ് ലഭിച്ചത്. യുവാവിനെതിരെ ഭീഷണി, സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ മാത്രമാണ് കോടതി ചുമത്തിയത്

സിയോൾ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ച് മുറിച്ച് രക്ഷപ്പെട്ട സ്ത്രീ ലഭിച്ചത് 10 മാസം തടവ് ശിക്ഷ. 61 വർഷത്തിന് ശേഷം നടത്തിയ പോരാട്ടത്തിൽ വയോധികയോട് മാപ്പ് അപേക്ഷിച്ച് പ്രോസിക്യൂട്ടർമാർ. ദക്ഷിണ കൊറിയയിലാണ് സംഭവം. ചോയ് മാല്‍ ജ എന്ന സ്ത്രീ 61 വർഷം മുൻപ് 1964ലാണ് ബലാത്സംഗ ശ്രമത്തിന് ഇരയായത്. പീഡന ശ്രമത്തെ ആവുന്ന തരത്തിൽ പ്രതിരോധിക്കുമ്പോൾ ചോയ് മാല്‍ ജയുടെ പ്രായം പതിനെട്ട് വയസായിരുന്നു . ബലപ്രയോഗത്തിലൂടെ പിടിച്ച് കിടത്തിയ 21കാരനായ അക്രമി ചോയ് മാല്‍ ജയുടെ വായില്‍ നാക്കിട്ട് ചുംബിക്കാന്‍ ശ്രമിച്ചു.

ഈ സമയത്ത് 18കാരിയായ ചോയ് മാല്‍ ജ യുവാവിന്റെ നാവ് കടിച്ച് മുറിച്ച് പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ കേസ് കോടതിയിലെത്തിയതോടെ അക്രമിക്കാൻ ശ്രമിച്ച യുവാവിന് ആറ് മാസം തടവും പരാതിക്കാരിക്ക് 10 മാസം തടവ് ശിക്ഷയുമാണ് ലഭിച്ചത്. യുവാവിനെതിരെ ഭീഷണി, സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ മാത്രമാണ് കോടതി ചുമത്തിയത്. എന്നാൽ പീഡന ശ്രമം തടയാൻ ശ്രമിച്ച ചോയ് മാല്‍ ജയ്ക്കെതിരെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനുള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടത്. തടവ് ശിക്ഷ അനുഭവിച്ച ചോയ് മാല്‍ ജ അന്ന് തനിക്ക് നേരിട്ട അനീതിയെ ചോദ്യം ചെയ്തിരുന്നില്ല.

വ‍‍ർഷങ്ങൾ കഴിഞ്ഞ് രാജ്യത്തെ മീ ടൂ മൂവ്മെന്റ് ശക്തമായതോടെയാണ് തനിക്ക് നേരിട്ട നീതികേടിനേക്കുറിച്ച് ചോയ് മാല്‍ ജ ചിന്തിക്കുന്നത്. ഇതോടെ തനിക്കെതിരായ കോടതി വിധി തിരുത്തണമെന്ന ആവശ്യവുമായി ചോയ് മാല്‍ ജ രംഗത്ത് എത്തി. വിധി തിരുത്താനായി വർഷങ്ങളാണ് ചോയ് മാല്‍ ജ പൊരുതിയത്. ഒടുവിൽ ബുധനാഴ്ചയാണ് കോടതിയിലെ പ്രോസിക്യൂട്ടർമാർ ചോയ് മാല്‍ ജയോട് ക്ഷമാപണം നടത്തിയത്. പ്രോസിക്യൂട്ടർമാർ തെറ്റ് തിരുത്തുമ്പോൾ ചോയ് മാല്‍ ജയുടെ പ്രായം 78ആണ്. പുനർ വിചാരണ നടത്തിയാണ് സംഭവിച്ച അനീതിക്ക് ക്ഷമാപണം നടത്തിയത്. ചോയ് മാല്‍ ജയെ കുറ്റക്കാരിയായി വിധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാനും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

61 വ‍ർഷമാണ് കുറ്റവാളിയെന്ന നിലയിൽ കഴിഞ്ഞതെന്നാണ് പുന‍ർ വിചാരണയ്ക്കെത്തിയ ചോയ് മാല്‍ ജ മാധ്യമങ്ങളോട് പ്രതികരിച്ചത്. ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഭാവി തലമുറയ്ക്കെങ്കിലും സുരക്ഷിതമായി ഇരിക്കാമെന്ന പ്രതീക്ഷയാണ് ചോയ് മാല്‍ ജ പങ്കുവച്ചത്. വിചാരണ തുടങ്ങിയ സമയത്താണ് ബൂസനിലെ ചീഫ് പ്രോസിക്യൂട്ടർ ജിയോഗ് മെനോംഗ് വോൺ ചോയ് മാല്‍ ജ യോട് ക്ഷമാപണം നടത്തിയത്. വർഷങ്ങൾ തങ്ങൾ ചോയ് മാല്‍ ജയ്ക്ക് ക്ലേശകരമായ ജീവിതം സൃഷ്ടിച്ചു. ദീർഘമായ വേദനയും ചോയ് മാല്‍ ജ നേരിട്ടു ഇതിന് ക്ഷമ ചോദിക്കുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടർ കോടതിക്ക് മുൻപാകെ വിശദമാക്കിയത്. കേസിൽ വിധി സെപ്തംബ‍ർ 10നാണ് പ്രഖ്യാപിക്കുക. നേരത്തെ ചോയ് മാല്‍ ജ യ്ക്കെതിരായ വിധി തിരുത്തപ്പെടുമെന്നാണ് നിയമ വിദഗ്ധർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം