Asianet News MalayalamAsianet News Malayalam

ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ പക്ഷിയെ 140 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കണ്ടെത്തി

ഏറെ നാള്‍ നീണ്ട് നിന്ന തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങിയ സംഘത്തിന്‍റെ ക്യാമറയിലേക്കാണ് നിലത്തു കൂടി സഞ്ചരിക്കുന്ന അപൂര്‍വ്വയിനം പ്രാവ് എത്തിയത്

Black naped pheasant pigeon sighted  for firt time in 140 years
Author
First Published Nov 20, 2022, 7:16 AM IST

140 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്ത് നിന്ന് കാണാതായെന്ന് വിലയിരുത്തിയ അപൂര്‍വ്വയിനം പ്രാവിനെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന പ്രാവിനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്ന് കരുതിയ ഇനം പ്രാവായിരുന്നു ഇത്. പാപ്പുവ ന്യൂ ഗിനിയയിലാണ് അപൂര്‍വ്വ കണ്ടെത്തല്‍. ഒരുമാസം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തല്‍. ദ്വീപിനുള്ളിലെ വനത്തിനുള്ളില്‍ നിന്നാണ് ബ്ലാക്ക് നേപ്പഡ് ഫെസന്‍റിനെ വീണ്ടും കണ്ടെത്തിയത്.

ഏറെ നാള്‍ നീണ്ട് നിന്ന തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങിയ സംഘത്തിന്‍റെ ക്യാമറയിലേക്കാണ് നിലത്തു കൂടി സഞ്ചരിക്കുന്ന അപൂര്‍വ്വയിനം പ്രാവ് എത്തിയത്. അപൂര്‍വ്വ സംഭവമെന്നാണ് കണ്ടെത്തലിനെ ഗവേഷണ സംഘത്തലവന്‍ ജോണ്‍ മിറ്റമെറിയര്‍ വിശദമാക്കുന്നത്. വംശനാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പക്ഷി ഗവേഷകര്‍ നിരീക്ഷിക്കുന്നത്. വലിപ്പമുള്ള ഫെസന്‍റിനേയാണ് കണ്ടെത്തിയിട്ടുള്ളത്. 2019ലും ഈ ദ്വീപില്‍ ഇവയ്ക്കായി തെരച്ചില് നടത്തിയിരുന്നെങ്കിലും ഒന്നിനേപ്പോലും കണ്ടെത്താനായിരുന്നില്ല. ഈ ദ്വീപാണ് ഈ ഫെസന്‍റുകളുടെ സ്ഥിരം ആവാസ വ്യവസ്ഥ. ഫെര്‍ഗൂസാന്‍ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന മേഖലയിലാണ് ഫെസ്ന്‍റിനെ കണ്ടെത്തിയത്. വേട്ടക്കാരില്‍ നിന്നുമാണ് അപൂര്‍വ്വയിനം പക്ഷിയെ കണ്ടെന്ന സൂചന ഗവേഷകര്‍ക്ക് ലഭിക്കുന്നത്.

ഫെസന്‍റിനെ കണ്ടതായും ഫെസന്‍റിന്‍റെ ശബ്ദം കേട്ടതായും വേട്ടക്കാര്‍ വ്യക്തമാക്കിയിരുന്നു. വിവിധ ഇടങ്ങളിലായി ക്യാമറ സ്ഥാപിച്ച് കാത്തിരുന്ന സംഘത്തിന് മുന്നിലേക്ക് ഫെസന്‍റ് എത്താന്‍ ദീര്‍ഘനാളത്തെ കാത്തിരിപ്പാണ് വേണ്ടി വന്നത്. ദ്വീപിലെ ഗവേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ക്യാമറകള്‍ തിരികെ എടുക്കുന്നതിനിടയിലാണ് ഫെസന്‍റിന്‍റെ ചിത്രം ഗവേഷകര്‍ക്ക് ലഭിക്കുന്നത്. 1882ന് ശേഷം ആദ്യമായാണ് ഇവയുടെ ചിത്രം എടുക്കുന്നത്. ഈ ജീവി വിഭാഗത്തേക്കുറിച്ച് പരിമിതമായ അറിവുകള്‍ മാത്രമാണ് ശാസ്ത്ര ലോകത്തിനുള്ളത്. എന്നാല്‍ നിലവിലുള്ള ഫെസന്‍റുകള്‍ കുറയുന്നുണ്ടോയെന്ന ആശങ്കയിലാണ് ഗവേഷകരുള്ളത്. 

Follow Us:
Download App:
  • android
  • ios