ബ്ലൂംഫോണ്ടെയിന്‍: ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് 19 വ്യാപകമായി പടര്‍ന്നതില്‍ നിര്‍ണായകമായത് ബ്ലൂംഫോണ്ടെയിനിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ആരാധന. ഈ മാസമാദ്യം നടന്ന ആരാധനയില്‍ പങ്കെടുത്ത 859 പേരില്‍ 67 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ പങ്കെടുത്ത ആരാധനയില്‍ നിന്ന് നിരവധിയാളുകള്‍ക്ക് വൈറസ് പകര്‍ന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അഞ്ച് പേര്‍ക്ക് നേരത്തെ  കൊവിഡ് 19 സ്ഥിരികരിച്ചിരുന്നു. 

ആഫ്രിക്കന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നത്ത് മെഷൂ, പാര്‍ലമെന്‍റ് അംഗമായ സ്റ്റീവ് സ്വാര്‍ട്ട്, പാസ്റ്ററായ ആംഗസ് ബുച്ചന്‍ ഇയാളുടെ ഭാര്യ ജില്‍ എന്നിവരടക്കം 67 പേര്‍ക്കാണ് വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചിരിക്കുന്നത്. ജെറുസലേം പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് എന്നപേരില്‍ റിസ്റ്റോറേഷന്‍ മിനിസ്ട്രീസിന്‍റെ  നേതൃത്വത്തിലായിരുന്നു മാര്‍ച്ച് 9  മുതല്‍ 11 വരെ ആരാധന നടന്നത്. ഇതില്‍ വിനോദ സഞ്ചാരികളായ 5 പേരാണ് പങ്കെടുത്തത്. ഈ ആരാധനയില്‍ പങ്കെടുത്ത എല്ലാവരേയും ഇതിനോടകം  തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ മന്ത്രി ഡേ. സ്വെല്ലി മിഗ്സേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഈ പ്രാര്‍ത്ഥനാ യോഗത്തിന് പിന്നാലെ കുത്തനെ കൂടിയെന്നു ആരോഗ്യ മന്ത്രി വിശദമാക്കി. 

ACDP's Kenneth Meshoe, Angus Buchan among those exposed to ...

പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തവരില്‍ 305 പേരുടെ ടെസ്റ്റുകള്‍ മാത്രമാണ് ഇതിനോടകം നടത്താന്‍ സാധിച്ചിട്ടുള്ളത്. കെന്നത്ത് മെഷൂവിനൊപ്പം യോഗങ്ങളിലും മറ്റും പങ്കെടുത്തിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരും നിരീക്ഷണത്തിലാണുള്ളത്. കൊവിഡ് 19 നെതിരായ പ്രാര്‍ത്ഥനാ യോഗമായിരുന്നു മാര്‍ച്ച് 9 മുതല്‍ സംഘടിപ്പിച്ചതെന്നാണ് സംഘാടകര്‍ വിശദമാക്കുന്നത്. എന്നാല്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത വിദേശത്ത് നിന്നുള്ളവരെ വിമാനത്താവളത്തില്‍ സ്ക്രീനിംഗിന് വിധേയമാക്കിയിരുന്നു. ആ സമയത്ത് ഇവര്‍ ലക്ഷണമൊന്നും കാണിച്ചിരുന്നില്ലെന്നാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചവര്‍ വിശദമാക്കുന്നത്.

അമേരിക്കയില്‍ നിന്നുള്ള രണ്ടുപേര്‍, ഇസ്രയേലില്‍ നിന്നുള്ള രണ്ടുപേര്‍ ഫ്രാന്‍സില്‍ നിന്നെത്തിയ ഒരാള്‍ എന്നിവരായിരുന്നു പ്രാര്‍ത്ഥനായോഗത്തിലെ മുഖ്യാതിഥികള്‍. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ്  സിറില്‍ റാംപോസ നടത്തിയ ഒരു സമ്മേളനത്തില്‍ കെന്നത്ത് മെഷൂ പങ്കെടുത്തത് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് ഇടയിലാണ് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.