കാനോ: ക്രിസ്മസ് ദിനത്തില്‍ ഭീകരാക്രമണവുമായി ബോക്കോഹറാം തീവ്രവാദികള്‍. നൈജീരിയയിലാണ് സംഭവം. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.  ക്രിസ്മസിനോടനുബന്ധിച്ച് ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബോണോ സ്‌റ്റേറ്റിലെ ക്രിസ്ത്യന്‍ ഗ്രാമത്തിന് നേരെയാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു. ഏഴ് പേര്‍ കൊല്ലപ്പെടുകയും പത്തോളം വീടുകള്‍ അഗ്നിക്കിരയാകുകയും ഭക്ഷ്യസാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണ സംഖ്യ ഇനിയും വര്‍ധിക്കാം. ഗ്രാമീണര്‍ കാട്ടിനുള്ളില്‍ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടത്. ആശുപത്രിയും തീവെച്ച് നശിപ്പിച്ചു. ചിബോക്കിന് 20 കിലോമീറ്റര്‍ അടുത്താണ് ആക്രമണത്തിനിരയായ ഗ്രാമം. വ്യാഴാഴ്ച മറ്റൊരു ക്രിസ്ത്യന്‍ ഗ്രാമത്തിലും വെടിവെപ്പുണ്ടായിരുന്നു.