50 ദിവസമായി  റോഡ് ഉപരോധം നടക്കുകയാണ്. തുടര്‍ന്ന്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഹാരം, ഇന്ധനം, മരുന്നുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതോടെ, ബൊളീവിയന്‍ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായി സ്തംഭിക്കുകയും ചെയ്തു.

ലാ പാസ്: ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ കഴിഞ്ഞ 50 ദിവസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡന്റ് റോഡ്രിഗോ പാസ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊഴിലാളി യൂണിയനുകള്‍, കര്‍ഷകര്‍, മുന്‍ ഇടതുപക്ഷ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ അനുയായികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. 50 ദിവസമായിറോഡ് ഉപരോധം നടക്കുകയാണ്. തുടര്‍ന്ന്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഹാരം, ഇന്ധനം, മരുന്നുകള്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതോടെ, ബൊളീവിയന്‍ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായി സ്തംഭിക്കുകയും ചെയ്തു.

പ്രതിസന്ധി മറികടക്കാന്‍ റോഡുകള്‍ അടിയന്തരമായി തുറന്നുകൊടുക്കാന്‍ സൈന്യത്തിനും പോലീസിനും പ്രസിഡന്റ് പൂര്‍ണ്ണ അധികാരം നല്‍കി. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഒരു വിഭാഗം സമരക്കാരുമായി ധാരണയിലെത്തിയെങ്കിലും മറ്റൊരു വിഭാഗം സംഘടിതമായി അക്രമം അഴിച്ചുവിട്ട് രാജ്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

ബൊളീവിയ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 2006 മുതല്‍ തുടര്‍ച്ചയായി രാജ്യം ഭരിച്ചിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ പുറത്താക്കിയാണ് ഏഴ് മാസം മുമ്പാണ് റോഡ്രിഗോ പാസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്.

ബജറ്റ് കമ്മി കുറയ്ക്കുന്നതിനായി കഴിഞ്ഞ മേയ് മാസത്തില്‍ ഇന്ധന സബ്സിഡി വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ വിദേശ നാണ്യശേഖരത്തില്‍ കടുത്ത ഇടിവുണ്ടായി. സ്വാഭാവിക വാതക കയറ്റുമതിയിലും ഇടിവ് സംഭവിച്ചു. കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഇവിടെ. തുടര്‍ന്നാണ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക, ഇന്ധന -ഡോളര്‍ ക്ഷാമം പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

അമേരിക്കയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇന്ധനലഭ്യത ഉറപ്പാക്കാന്‍ 1.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാര്‍ ഒപ്പിടാനും റോഡ്രിഗോ പാസ് ശ്രമിക്കുന്നതിനിടെയാണ് പുതിയ ആഭ്യന്തര പ്രതിസന്ധി സര്‍ക്കാരിനെ വലയ്ക്കുന്നത്.