''കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളുമായി ഒരാഴ്ച ഞാന്‍ വിശ്രമത്തിലായിരുന്നു. ഞാനിപ്പോള്‍ ആരോഗ്യവതിയാണ്'' 

ലണ്ടന്‍: തനിക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഗര്‍ഭിണിയായ കാമുകി. എന്നാല്‍ ഒരാഴ്ച വിശ്രമിച്ചതോടെ ആരോഗ്യം വീണ്ടെടുത്തുവെന്നും ക്യാരി സിമണ്ട് പറഞ്ഞു. കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളുമായി ഒരാഴ്ച ഞാന്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ ടെസ്റ്റ് നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഞാനിപ്പോള്‍ ആരോഗ്യവതിയാണ്'' - സിമണ്ട്‌സ് പറഞ്ഞു. 

ഗര്‍ഭിണിയായിരിക്കെ കൊവിഡ് 19 ബാധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഗര്‍ഭിണികള്‍ കൊവിഡ് ലക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും വായിച്ച് മനസ്സിലാക്കിയിരിക്കണമെന്നും സിമണ്ട്‌സ് പറഞ്ഞു. കൊവിഡ് ബാധിച്ച് ഐസൊലേഷനിലാണ് ബോറിസ് ജോണ്‍സണ്‍. ഇപ്പോഴും ചെറിയ ലക്ഷണങ്ങളുണ്ട്. ബോറിസ് ജോണ്‍സണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒരാഴ്ചയായി. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോറിസ് ജോണ്‍സണും സിമണ്ട്‌സും തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇരുവരും വിവാഹ നിശ്ചയവും നടത്തിയിരുന്നു.