അമ്മ അടിക്കുമെന്ന പേടിയിൽ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി ആറ് വയസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക ജനരോഷമാണ് ഉയർന്ന് വന്നത്

ബീജിങ്: അമ്മ അടിക്കുമെന്ന പേടിയിൽ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി ആറ് വയസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക ജനരോഷമാണ് ഉയർന്ന് വന്നത്. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ ജൂൺ 25 -നാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടി സുഖം പ്രാപിച്ചുവരികയാണ്. വീടിനുള്ളിൽ നിന്ന് അടി കിട്ടിയ കുട്ടി അപ്പാർട്ട്മെന്റിന്റെ എസി യൂണിറ്റ് ഫിറ്റ് ചെയ്ത ഇരുമ്പ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്നു. വീഡിയോ പകർത്തിയ അയൽവാസിയടക്കമുള്ളവർ കുട്ടിയെ തല്ലരുതെന്ന് ആവശ്യപ്പെടുമ്പോഴും അമ്മ അതിക്രമം തുടരുകയായിരുന്നു. അപ്പോഴേക്കും കുട്ടി താഴേക്ക് ചാടിയിരുന്നു. റിപ്പോർട്ട് പ്രകാരം, ചൈനയിലെ ഒരു ജനപ്രിയ സോഷ്യൽ മീഡിയ സൈറ്റായ വീബോയിൽ ക്ലിപ്പ് 10 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 

അപ്പാർട്ട്മെന്റിൽ നിന്ന് താഴേക്ക് വീണ കുട്ടിക്ക് ജീവന് ഭീഷണിയുള്ള പരിക്കുകളില്ലെങ്കിലും നിരവധി എല്ലുകൾ പൊട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. കുട്ടി വീഴുമോ എന്ന പേടിയിൽ അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടാണ് അമ്മ കുട്ടിയെ അടിച്ചെതന്ന് വീബോ പോസ്റ്റിൽ പൊലീസ് പറഞ്ഞു. എന്നാൽ ഈ വിശദീകരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. 

കുട്ടിക്ക് ചാടുന്നതിനേക്കാൾ പേടി അമ്മയുടെ അടുത്തേക്ക് പോകുന്നതായിരുന്നു എന്നും പ്രതികരണങ്ങൾ വന്നു. രാജ്യത്തെ ശുശു സംരക്ഷണ നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നും ആവശ്യമുയർന്നു. അടിക്കുന്നത് നിർത്തൂ എന്ന് അയൽവാസികൾ നിലവിളിക്കുന്നുണ്ടായിരുന്നു. അമ്മ അപ്പോഴും നിർത്തിയില്ല ഇതിനെ ന്യായീകരിക്കാനാകില്ലെന്നും മറ്റു ചിലർ പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

Read more: റിയാദ് വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player